ശബരിമല ലക്ഷ്യമാക്കി കേന്ദ്രം രഹസ്യ നീക്കങ്ങളിലേക്ക്
ബാലാവകാശ കമ്മീഷൻ സന്ദർശനത്തിന് പിന്നാലെ, അമിത് ഷാ നിയോഗിച്ച സമിതി കൂടി അടുത്ത ദിവസം എത്തും

ശബരിമല ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ രഹസ്യ നീക്കങ്ങളിലേക്ക്. ബാലാവകാശ കമ്മീഷൻ സന്ദർശനത്തിന് പിന്നാലെ, അമിത് ഷാ നിയോഗിച്ച സമിതി കൂടി അടുത്ത ദിവസം എത്തും. ശബരിമലയിലെ പ്രശ്നങ്ങൾ കേന്ദ്രത്തെ ധരിപ്പിയ്ക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം നാലംഗ സമിതിയാണ് 2,3 തീയതികളിൽ ശബരിമലയിൽ എത്തുന്നത്. സന്നിധാനത്തും മറ്റിടങ്ങളിലും തീർത്ഥാടകർ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിയ്ക്കാനാണ് സംഘം എത്തുന്നത്. എന്നാൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധങ്ങളെ, വലിയ കുഴപ്പങ്ങളായി ചിത്രീകരിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. നിരോധനാജ്ഞ നീട്ടിയിട്ടും സന്നിധാനത്ത് ശരണ പ്രതിഷേധം തുടരുന്നുണ്ട്.
ഈ സാഹചര്യത്തിൽ അമിത് ഷായുടെ സംഘത്തിന്റെ വരവും പഠനവും കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തിലാവും. ഇവരുടെ റിപ്പോർട്ട് പ്രകാരം ശബരിമലയിൽ കൂടുതൽ ഇടപെടാനുള്ള ശ്രമങ്ങളാവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക. കേന്ദ്ര ബാലാവകാശ കമ്മിഷൻ ഡോ.ടി.ജി. ആനന്ദ്, നൽകിയ റിപ്പോർട്ടും ദേവസ്വം ബോർഡിനും സർക്കാറിനും എതിരാണ്. ശബരിമലയിൽ എത്തുന്ന കുട്ടികൾ വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും വിവിധ വകുപ്പുകൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ആനന്ദ് പറഞ്ഞിരുന്നു.
Adjust Story Font
16

