സർഗോത്സവം കലാമേളക്ക് കൊടിയിറങ്ങി; കട്ടേല എം.ആര്‍.എസ് ഓവറോൾ ചാമ്പ്യന്മാര്‍
മികച്ച പങ്കാളിത്തമുണ്ടായ മേള വരും വർഷങ്ങളിലും കൂടുതൽ ഭംഗിയായി നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

തിരുവനന്തപുരത്ത് നടന്ന ആറാമത് സർഗോത്സവം കലാമേളക്ക് കൊടിയിറങ്ങി. മേളയില്‍ കട്ടേല എം.ആര്‍.എസ് ഓവറോൾ ചാമ്പ്യന്മാരായി. വിജയികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫികൾ വിതരണം ചെയ്തു. ഒരുപിടി മികച്ച കലാകാരന്മാരെ സമ്മാനിച്ചാണ് 3 ദിവസങ്ങളിലായി കനകക്കുന്നിൽ നടന്ന പട്ടികജാതി പട്ടികവര്‍ഗകലോത്സവമായ സർഗോത്സവത്തിന് സമാപനമായത്.

156 പോയിന്റ് നേടി കട്ടേല എം.ആർ.എസ് ഓവറോള്‍ ചാമ്പ്യന്മാരായപ്പോള്‍ 140 പോയിന്റ് നേടി അട്ടപ്പാടി ഐ.ടി.ഡി.പിയും കാസർഗോഡ് പറവനടുക്കം എം.ആർ.എച്ച്.എസ്.എസിസും റണ്ണേഴ്സ് അപ്പായി. ഇത്തവണ മികച്ച പങ്കാളിത്തമുണ്ടായ മേള വരും വർഷങ്ങളിലും കൂടുതൽ ഭംഗിയായി നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓവറോള്‍ ചാമ്പ്യന്മാര്‍ക്കും കലാതിലകം, കലാപ്രതിഭ പട്ടം നേടിയവർക്കും മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
സർഗോത്സവം തുടങ്ങിയ ശേഷമുള്ള ഏറ്റവും മികച്ച കലാമേളയാണു തിരുവനന്തപുരത്തു നടന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ മന്ത്രി എ.കെ ബാലൻ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ. സമ്പത്ത് എം.പി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുഗഴേന്തി, പട്ടികവർഗ ഉപദേശക സമിതി അംഗം ബി. വിദ്യാധരൻ കാണി തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
Adjust Story Font
16

