യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ പരിപാടിയില്‍ പരാതി പ്രളയം
ഓണ്‍ലൈന്‍ വഴി മെമ്പര്‍ഷിപ്പ് ചേര്‍ക്കേണ്ട മൊബൈല്‍ ആപ് അവസാന ദിവസങ്ങളില്‍ പ്രവര്‍ത്തനരഹിതമായി

യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ പരിപാടിയില്‍ പരാതി പ്രളയം. ഓണ്‍ലൈന്‍ വഴി മെമ്പര്‍ഷിപ്പ് ചേര്‍ക്കേണ്ട മൊബൈല്‍ ആപ് അവസാന ദിവസങ്ങളില്‍ പ്രവര്‍ത്തനരഹിതമായി. എം.എല്‍. എ മാരെ നേതൃസ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം. മെമ്പര്‍ഷിപ്പിലൂടെ കേന്ദ്ര നേതൃത്വത്തിന് കിട്ടുന്നത് കോടിക്കണക്കിന് രൂപയാണ്.
ഓണ്‍ലൈന്‍ വഴി മെമ്പര്‍ഷിപ്പ് ചേര്‍ക്കുമ്പോള്‍ 75 രൂപയും നേരിട്ടാണെങ്കില്‍ 120 രൂപയുമാണ് അംഗത്വഫീസ്. ഇതാണ് ഭൂരിഭാഗം പേരും മൊബൈല്‍ ആപ് മെമ്പര്‍ഷിപ്പ് തെരഞ്ഞെടുക്കാന്‍ കാരണം. മെമ്പര്‍ഷിപ്പ് ചേര്‍ക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നു. എന്നാല്‍ അവസാന ദിവസങ്ങളില്‍ മൊബൈല്‍ ആപ് വഴിയുള്ള ഓണ്‍ലൈന്‍ വോട്ട് ചേര്‍ക്കല്‍ തടസപ്പെട്ടു. ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാനായി രൂപം നല്‍കിയ വാട്ട്സ് അപ് ഗ്രൂപ്പില്‍ പരാതികളുടെ പ്രളയമായി. തുടര്‍ന്ന് ഇന്ന് വൈകിട്ടു വരെ സമയം നീട്ടി നല്‍കി. എന്നാല്‍ ഇപ്പോഴും ആപ്പ് തിരക്കിലാകുന്നുവെന്നതാണ് ഉയരുന്ന പരാതി. ഇതിനിടെ മെമ്പര്‍ഷിപ്പ് തുക ഉയര്‍ത്തിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. 5 ലക്ഷം പേര്‍ ഇതിനകം തന്നെ മെമ്പര്‍ഷിപ്പ് ചേര്‍ന്നിട്ടുണ്ട്. 5 കോടിയോളം രൂപ ഈ ഇനത്തില്‍ തന്നെ കേന്ദ്ര നേതൃത്വത്തിന് ലഭിച്ചു.
എന്നാല്‍ ജില്ലാ ഭാരവാഹിത്വത്തില്‍ എത്താന്‍ ശ്രമിക്കുന്നവര്‍ ആവശ്യമായ മെമ്പര്‍മാരെ ചേര്‍ക്കാന്‍ കാശുണ്ടാക്കാന്‍ ഓടി നടക്കുന്നതായാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ,ഐ ഗ്രൂപ്പുകാര്‍ കാണുന്നത് എം.എല്‍. എമാരെയാണ്. ഇതിനെതിരായെ വിമര്‍ശമുണ്ട്. ഇപ്പോള്‍ ചുമതലകളില്ലാത്ത പുതിയ നിര വരണമെന്ന നിലപാട് ഹൈബി ഈഡന്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടപടികള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കത്തിന് ആക്കം കൂട്ടിയെന്ന വിമര്‍ശം കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് വി.എം സുധീരനും ഉന്നയിച്ചിരുന്നു.
Adjust Story Font
16

