Quantcast

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ വന്‍കിട ഖനനത്തിന് അണിയറ നീക്കം

കലഞ്ഞൂരിലെ കള്ളിപ്പാറയില്‍ ഹൈക്കോടതി നിര്‍ദേശം മറികടന്നാണ് ജില്ലാ ഭരണകൂടം പാറഖനനത്തിന് എന്‍.ഒ.സി നല്‍കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Dec 2018 1:42 PM IST

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ വന്‍കിട ഖനനത്തിന് അണിയറ നീക്കം
X

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ പത്തനംതിട്ട കൂടല്‍ വില്ലേജില്‍ വന്‍കിട പാറഖനനത്തിന് അണിയറ നീക്കം. ബഹുജന സമരത്തെ തുടര്‍ന്ന് പാറഖനനം നിര്‍ത്തിവെച്ച കലഞ്ഞൂരിലെ കള്ളിപ്പാറയില്‍ ഹൈക്കോടതി നിര്‍ദേശം മറികടന്നാണ് ജില്ലാ ഭരണകൂടം പാറഖനനത്തിന് എന്‍.ഒ.സി നല്‍കിയിരിക്കുന്നത്. കള്ളിപ്പാറയടക്കം മൂന്നിടങ്ങളിലാണ് പാറഖനനത്തിന് ശ്രമം നടക്കുന്നത്.

18 വര്‍ഷം മുന്‍പ് പാറഖനനം നിര്‍ത്തിയ കൂടല്‍ വില്ലേജിലുള്ള കലഞ്ഞൂര്‍ പഞ്ചായത്തിലെ കള്ളിപ്പാറയില്‍, വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പ്രതിദിനം 5000 മെട്രിക് ടണ്‍ പാറ ഖനനം ചെയ്യുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രദേശവാസികളെ കേട്ടശേഷമേ അനുമതി നല്‍കാവൂ എന്നാണ് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പ് പരിഗണിക്കാതെയാണ് അനുമതി നല്‍കിയത്. കള്ളിപ്പാറയെ കൂടാതെ കൂടല്‍ വില്ലേജിലെ പോത്തുപാറ, രാക്ഷസന്‍ പാറ എന്നിവിടങ്ങളിലും വന്‍കിട പാറഖനനത്തിന് നീക്കം നടക്കുന്നുണ്ട്. 300 കുടുംബങ്ങള്‍ കള്ളിപ്പാറയുടെ അടിവാരത്തുണ്ട്.

കള്ളിപ്പാറയുടെ ഒരു വശത്ത് നിലവില്‍ പാറഖനനം നടക്കുന്നുണ്ട്. ഇതിനെതിരെ ജനങ്ങള്‍ സമര രംഗത്താണ്. പ്രതിഷേധം പരിഗണിക്കാതെയാണ് കൂടുതല്‍ ഇടങ്ങളിലേക്ക് പാറഖനനത്തിന് ശ്രമം നടക്കുന്നത്. കിള്ളിപ്പാറയുടെ അടിവാരത്ത് നാല് മീറ്റര്‍ വീതിയുള്ള റോഡിന് 8 മീറ്റര്‍ വീതിയുണ്ടെന്നാണ് നിലവിലെ സര്‍ക്കാര്‍ രേഖ. ജനവാസ മേഖലയല്ലെന്നും പാരിസ്ഥിതിക പ്രശ്നങ്ങളില്ലെന്നുമാണ് അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്.

TAGS :

Next Story