വനിതാമതില്‍ ദിവസം വഞ്ചനാമതില്‍ തീര്‍ക്കാനൊരുങ്ങി കൊല്ലപ്പെട്ട സനലിന്റെ കുടുംബം
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വഞ്ചനാമതില്‍ തീര്‍ക്കുന്നത്. സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 6 ദിവസം പിന്നിട്ടു.

സര്‍ക്കാര്‍ വനിതാമതില്‍ തീര്‍ക്കുന്ന ദിവസം വഞ്ചനാമതില്‍ തീര്‍ക്കാനൊരുങ്ങി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വഞ്ചനാമതില്‍ തീര്‍ക്കുന്നത്. സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 6 ദിവസം പിന്നിട്ടു.
കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വെച്ച് സനല്‍കുമാര്‍ കൊല്ലപ്പെട്ടത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്‍.പി സനലിനെ കൊലപ്പെടുത്തുകയായിരുന്നു. സനലിന്റെ മരണത്തെ തുടര്‍ന്ന് ഭാര്യ വിജിക്ക് ജോലിയും നഷ്ടപരിഹാരവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാതിരുന്നതിനെത്തുടര്‍ന്നാണ് വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. സമരം 6 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടാത്തതിനെ തുടര്‍ന്നാണ് വഞ്ചനാമതില്‍ തീര്‍ക്കുന്നത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ നാളെ മുതല്‍ റിലേ സമരം ആരംഭിക്കും. സനലിന്റെ കുടുംബസഹായത്തിനായി സമരപ്പന്തലില്‍ അക്ഷയപാത്രവും സ്ഥാപിക്കും. പൂര്‍ണമായും വനിതകളെ ഉള്‍പ്പെടുത്തിയാണ് വഞ്ചനാമതില്‍ തീര്‍ക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരെയും വഞ്ചനാമതിലില്‍ പങ്കെടുപ്പിക്കുമെന്നും ആക്ഷന്‍ കൌണ്‍സില്‍ അറിയിച്ചു.
Adjust Story Font
16

