തീവ്ര ഹിന്ദുവികാരം ആളിക്കത്തിക്കുകയെന്ന ലക്ഷ്യവുമായി യോഗി ഇന്നെത്തും
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഹിന്ദു സമാജോത്സവ് സംഘടിപ്പിക്കുന്നത്.

ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് കാസര്‍കോട് ഹിന്ദുസമാജോത്സവ് നടക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. ഉത്തരേന്ത്യന്‍ രീതിയില്‍ കേരളത്തിലും തീവ്ര ഹിന്ദുവികാരം ആളിക്കത്തിച്ച് പാര്‍ട്ടി വളര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഹിന്ദു സമാജോത്സവ് സംഘടിപ്പിക്കുന്നത്. കേരളത്തിലും കര്‍ണാടകയിലും ബി.ജെ.പിയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പരിപാടി. തീവ്ര ഹിന്ദുവികാരം ആളിക്കത്തിക്കുന്ന യോഗി അദിത്യനാഥിനെ തന്നെ രംഗത്തിറക്കുന്നത് ഇതിന്റെ ഭാഗമായാണ്. കാസര്‍കോട് നഗരസഭ സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്ന് മണിക്കാണ് പരിപാടി. വൈകീട്ട് 6 മണിക്ക് മുന്‍പായി പരിപാടി അവസാനിപ്പിക്കണമെന്ന് സംഘാടകര്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിഭാഗീയത വളര്‍ത്തുന്ന രീതിയിലുള്ള പോസ്റ്ററുകളും ബാനറുകളുമാണ് സമാജോത്സവിന്റെ പ്രചാരണത്തിനായി സംഘാടകര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം പോസ്റ്ററുകള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹിന്ദു സമാജോത്സവിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. കൂടുതല്‍ പൊലീസ് സേനയെ നഗരത്തിലും പരിസരങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടിയില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്‍റിനെ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. പരിപാടിയില്‍ നേതാക്കളെ ഉള്‍പ്പെടുത്താത്തതില്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കടക്കം പ്രതിഷേധമുണ്ട്.
ആര്‍.എസ്.എസിന്റെ മംഗളൂരു ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. അതേ സമയം യോഗി ആദിത്യനാഥ് പരിപാടിക്കെത്തില്ലെന്ന പ്രചാരണവും ശക്തമാണ്. എന്നാല്‍ പരിപാടിക്ക് തൊട്ടുമുന്‍പായി യോഗി കാസര്‍കോട് എത്തുമെന്നാണ് സംഘാടകരുടെ വിശദീകരണം. യോഗി ആദിത്യനാഥ് രാവിലെ തന്നെ കാസര്‍കോട് എത്തുമെന്നായിരുന്നു നേരത്തെ സംഘാടകര്‍ പറഞ്ഞിരുന്നത്.
Adjust Story Font
16

