Quantcast

വനിതാ മതിലിന് സര്‍ക്കാര്‍ പണം; അവ്യക്തത തുടരുന്നു

സര്‍ക്കാര്‍ ഫണ്ട് ചിലവാക്കുന്നില്ല എന്ന് പറയുമ്പോഴും സത്യവാങ്മൂലം മുതല്‍ പരസ്യം നല്‍കലില്‍ വരെ സര്‍ക്കാര്‍ ഫണ്ട് ചിലവാക്കല്‍ അംഗീകരിക്കുകയാണ് സര്‍ക്കാര്‍.

MediaOne Logo

Web Desk

  • Published:

    22 Dec 2018 2:07 PM GMT

വനിതാ മതിലിന് സര്‍ക്കാര്‍ പണം; അവ്യക്തത തുടരുന്നു
X

വനിതാ മതിലിനായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതിനെക്കുറിച്ച് അവ്യക്തത. കോടതിയിലും നിയമസഭയിലും പരസ്പര വിരുദ്ധമായ വിശദീകരണം നല്‍കിയത് സര്‍ക്കാറിനെ വെട്ടിലാക്കി. ചിലവഴിക്കുന്ന പണത്തിന്റെ കണക്ക് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടതും സര്‍ക്കാര്‍ ഫണ്ട് ചിലവഴിക്കുമെന്ന് ബോധ്യപ്പെട്ടാണെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തം സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ചിലവാക്കില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും അവ്യക്തത മാറുന്നില്ല. പ്രളയ ഫണ്ട് വകമാറ്റുന്നില്ലെന്നും വനിതാ വകുപ്പുമായി ബന്ധപ്പെട്ട ഫണ്ടില്‍ നിന്നാണ് ചിലവഴിക്കുന്നതെന്നുമാണ് സത്യവാങ്മൂലത്തില്‍ നല്‍കിയത്. ഇത് അംഗീകരിച്ചാണ് ചിലവാക്കുന്ന കണക്ക് പിന്നീട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇടക്കാല ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയുടെ ആകെ ചിലവ്, പരിപാടിക്ക് വേണ്ടിയുള്ള പ്രചരണം, ഏത് ബജറ്റ് വിഹിതത്തില്‍ നിന്നാണ് ചിലവഴിച്ചത് ഇവ സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്.

സര്‍ക്കാര്‍ ഫണ്ട് ചിലവഴിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് സര്‍ക്കാരിനോട് കണക്ക് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുന്നത് എന്നതാണ് ഉയരുന്ന സംശയം. മാത്രമല്ല വനിതാ മതിലിന്റെ സംഘാടനത്തിനായി ആദ്യം പുറത്തിറക്കിയ ഉത്തരവ് പൂര്‍ണമായി പിന്‍വലിച്ചിട്ടില്ല. വനിതാ വകുപ്പിനുള്ള ചുമതല വ്യക്തത വരുത്തി ഉത്തരവിന്റെ ഭേദഗതിയാണ് ഇറക്കിയത്. പരിപാടിയുടെ നടത്തിപ്പില്‍ പങ്കാളികളാകാന്‍ വിവിധ വകുപ്പുകളോട് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. ജീവനക്കാരോട് പരിപാടിയില്‍ സാഹകരിക്കണമെന്ന അഭ്യര്‍ഥനയും ഉത്തരവിലൂടെ സര്‍ക്കാര്‍ നടത്തുന്നുണ്ട്.

വനിതാമതിലെന്ന ആശയം ഉയര്‍ന്ന നവോത്ഥാന സദസ് മുതല്‍ സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളുടെ ചിലവുകള്‍ വഹിക്കുന്നതും സര്‍ക്കാര്‍ തന്നെ. വനിതാ ശാക്തീകരണ പരിപാടിക്കായി നല്‍കിയ പരസ്യത്തിലും വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ സര്‍ക്കാര്‍ ഫണ്ട് ചിലവാക്കുന്നില്ല എന്ന് പറയുമ്പോഴും സത്യവാങ്മൂലം മുതല്‍ പരസ്യം നല്‍കലില്‍ വരെ സര്‍ക്കാര്‍ ഫണ്ട് ചിലവാക്കല്‍ അംഗീകരിക്കുകയാണ് സര്‍ക്കാര്‍.

TAGS :

Next Story