മണ്ഡലകാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം പ്രസിഡന്‍റ്
യുവതികള്‍ വരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും പത്മകുമാര്‍

യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍. ശബരിമലയിലെത്തുന്ന ഭക്തരുടെ വികാരം ബോര്‍ഡിന് മാനിക്കണം. യുവതികള്‍ വരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും പത്മകുമാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി സംഘത്തേയും കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികളേയും പൊലീസ് തിരിച്ചയച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണെന്നാണ് പൊലീസ് വിശദീകരണം. യുവതികളെത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ശബരിലയിലെത്തുന്ന ഭക്തരുടെ വികാരം പ്രധാനമാണ്. വിശ്വാസികളായ യുവതികള്‍ ശബരിലയിലേക്ക് വരരുതെന്നാണ് ബോര്‍ഡിന്റെ അഭ്യര്‍ഥനയെന്ന് പത്മകുമാര്‍ പറഞ്ഞു.
ദര്‍ശനത്തിന് വന്ന യുവതികളെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നുവെന്ന പരാതി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാറിന്റെ മൌനാനുവാദത്തോടെയാണ് പൊലീസ് നടപടിയെന്നും വിമര്‍ശമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം.
Adjust Story Font
16

