Quantcast

പഞ്ചായത്ത് സ്റ്റേഡിയം ആര്‍.എസ്.എസ് പരിപാടിക്ക്;  കായിക താരങ്ങളുടെ പരിശീലനം പെരുവഴിയില്‍

ചക്കിട്ടപാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഹാളും സ്റ്റേഡിയവും 7 ദിവസത്തേക്ക് ആർ.എസ്.എസ് പരിപാടിക്ക് വാടകക്ക് നൽകിയെന്നാണ് ആരോപണം. ഒളിമ്പ്യൻ ജിൻസൺ ജോൺസന്‍ ഉള്‍പ്പെടെ ടാറിട്ട റോഡിലാണ് പരിശീലനം നടത്തിയത്

MediaOne Logo

Web Desk

  • Published:

    26 Dec 2018 8:38 AM IST

പഞ്ചായത്ത് സ്റ്റേഡിയം ആര്‍.എസ്.എസ് പരിപാടിക്ക്;  കായിക താരങ്ങളുടെ പരിശീലനം പെരുവഴിയില്‍
X

കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്ത്‌ സ്റ്റേഡിയം ആർ.എസ്.എസ് പരിപാടി നടത്താൻ വിട്ടുനൽകിയതിനെ തുടർന്ന് അവധിക്ക് നാട്ടിലെത്തിയ ഒളിമ്പ്യൻ ജിൻസൻ ജോൺസൻ പരിശീലനം നടത്തിയത് ടാറിട്ട റോഡിൽ. സി.പി.എം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാളും സ്റ്റേഡിയവും ഏഴ് ദിവസത്തേക്ക് ആർ.എസ്.എസ് പരിപാടിക്കായി വാടകക്ക് നൽകിയതായാണ് ആരോപണം. ഇത് മൂലം ദേശീയ മീറ്റിനടക്കം പങ്കെടുക്കുന്ന കായിക താരങ്ങളുടെ പരിശീലനം നടുറോഡിലായി.

ചക്കിട്ടപാറ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളും സ്റ്റേഡിയവും ഈ മാസം 22 മുതൽ ഏഴ് ദിവസത്തേക്കാണ് ആർ.എസ്.എസ് പരിപാടിക്കായി ആവശ്യപ്പെട്ടത്. ഇത് അനുവദിക്കപ്പെട്ടതോടെ ആർ.എസ്.എസ് വടകര ജില്ലാ പ്രാഥമിക ശിക്ഷ വര്‍ഗ പരിപാടി 22ന് തുടങ്ങുകയും ചെയ്തു. ഇതോടെ അവധിക്ക് നാട്ടിലെത്തിയ ഒളിമ്പ്യൻ ജിൻസൺ ജോൺസനും പരിശീലകൻ പീറ്ററും ടാറിട്ട റോഡിലാണ് പരിശീലനം നടത്തിയത്. സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്ന കുട്ടികളും പരിശീലനം റോഡിലാക്കി. അംഗീകരിക്കാനാകാത്ത നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ജിൻസൺ ജോൺസൻ പറഞ്ഞു.

ഗ്രൗണ്ടിലെ ട്രാക്കിന് സമീപം പരിപാടിക്കായി താത്കാലിക ശുചിമുറികളും സ്ഥാപിച്ചിട്ടുണ്ട്. കായിക താരങ്ങൾക്കു നൽകേണ്ട സ്റ്റേഡിയം ഇത്തരം ആവശ്യങ്ങൾക്ക് വിട്ടുനൽകിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ ഹാൾ മാത്രമാണ് ആർ.എസ്.എസിന് വാടകക്ക് നൽകിയതെന്ന വിശദീകരണമാണ്‌ പഞ്ചായത്ത്‌ അധികൃതർ നൽകുന്നത്. പഞ്ചായത്തിന്റെ നടപടിയിൽ സി.പി.എമ്മിൽ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്.

TAGS :

Next Story