അയ്യപ്പ ജ്യോതിയില്‍ നിന്ന് ബി.ഡി.ജെ.എസ് വിട്ടുനിന്നു, വനിതാ മതിലിന് പിന്തുണ നല്‍കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ഇന്നലെ ഉച്ചക്ക് ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അറിയിപ്പ് ലഭിച്ചതെന്നും കൂടിയാലോചനക്ക് സമയം കിട്ടിയില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വിശദീകരണം.

വനിതാ മതിലിനെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി . വനിതാമതിലിനെ പിന്തുണക്കാനുള്ള എസ്.എന്‍.ഡി.പി തീരുമാനത്തോടൊപ്പമാണെന്ന് തുഷാര്‍ പറഞ്ഞു. ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതി പരിപാടിയില്‍ നിന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍ വിട്ടു നിന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ വിട്ട് നിന്നത് ബി.ജെ.പി കേന്ദ്രങ്ങളില്‍ ഇതിനോടകം വലിയ ചര്‍ച്ച ആയിട്ടുണ്ട്.
വനിത മതിലിന് ബദലായിട്ടാണ് ശബരിമല കര്‍മ്മസമിതി നടത്തിയ അയ്യപ്പജ്യോതി പരിപാടിക്ക് സംഘപരിവാര്‍ സംഘടനകളുടെയും എന്‍.ഡി.എ മുന്നണിയുടേയും പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു. എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറിയും പിന്തുണ പ്രഖ്യാപിച്ചതോടെ അയ്യപ്പ ജ്യോതിക്ക് പ്രാധാന്യം ഏറി. എന്നാല്‍ എന്‍.ഡി.എയുടെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നേതൃത്വം പരിപാടിയില്‍ നിന്ന് വിട്ട്നിന്നത് ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ ആരും പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ഇന്നലെ ഉച്ചക്കാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതെന്നും അത് കൊണ്ട് നേതാക്കളുമായി കൂടിയാലോചനക്ക് സമയം കിട്ടിയില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തതിന് നല്‍കുന്ന വിശദീകരണം. പരിപാടിയില്‍ പങ്കെടുക്കരുതെന്ന ബി.ഡി.ജെ.എസ് അണികളോട് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വിശദീകരിച്ചു.എന്നാല്‍ വളരെ നേരത്തെ തീരുമാനിച്ച പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ മറ്റ് കാരണങ്ങള്‍ കൂടിയുണ്ടെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ കണക്ക് കൂട്ടുന്നത്.
അയ്യപ്പജ്യോതിക്ക് എന്‍.എസ്.എസ് പിന്തുണയുള്ളത് കൊണ്ട് പരിപാടിയില്‍ വിട്ട് നിന്നതാകാമെന്നാണ് ഒരു വിലയിരുത്തല്‍. എന്‍.എസ്.എസുമായി കൂടുതല്‍ അടുക്കുന്ന ബി.ജെ.പി നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമാക്കുക എന്ന ലക്ഷ്യം കൂടി വിട്ട്നില്‍ക്കലിന് പിന്നില്‍ ഉണ്ടെന്നും വിവരമുണ്ട്. ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിന്റെ മുഖ്യസംഘാടകന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ആയത് കൊണ്ടാണ് ബി.ഡി.ജെ.എസ് അതിന് ബദലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും സൂചനയുണ്ട്.
Adjust Story Font
16

