മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെ ചൊല്ലി വിവാദം; വിശദീകരിക്കാനാകാതെ ലീഗ് നേതൃത്വം
രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാകാത്ത അവസ്ഥയിലാണ് ലീഗ്. നിര്‍ണായക ദിവസം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുടെ അസാന്നിധ്യം രാഷ്ട്രീയമായി തിരിച്ചടികള്‍ക്ക് വഴിവെക്കുമോയെന്ന ആശങ്കയിലാണ് നേതാക്കള്‍

മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി വിവാഹ സല്‍കാരത്തിന് പോയത് വിവാദത്തില്‍. വോട്ടെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു പാര്‍ട്ടിയുടെ ആദ്യ തീരുമാനമെന്ന എം.കെ മുനീറിന്റെ വിശദീകരണവും വിവാദത്തിന് ആക്കം കൂട്ടി. മുത്തലാഖ് വോട്ടെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം പാര്‍ട്ടി എടുത്തതായി തനിക്ക് അറിയില്ലെന്നായിരുന്നു ഇ.ടിയുടെ നിലപാട്. എന്നാല്‍ തന്റെ അസാന്നിധ്യവുമായി ബന്ധപ്പെട്ട് നടക്കുന്നത് കുപ്രചരണമാണെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
മുത്തലാഖിന് ബില്ലിന് എതിരെ പാര്‍ട്ടി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലിന്റെ ഗുണം രാഷ്ട്രീയമായി ലഭിക്കാത്ത അവസ്ഥയിലാണ് മുസ്‍ലിം ലീഗ്. ദേശീയ ജനറല്‍ സെക്രട്ടറിയുടെ പാര്‍ലമെന്റിലെ അസാന്നിധ്യം വിശദീകരിക്കാനാവാതെ പാടുപെടുകയാണ് നേതൃത്വം. പാര്‍ട്ടിപരമായും വിദേശ യാത്രയും ഉള്ളതിനാലാണ് പാര്‍ലമെന്റില്‍ എത്താതിരുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം.
മുത്തലാഖ് വോട്ടെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ചില പാര്‍ട്ടികള്‍ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നോട് ആലോചിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. ബാക്കിയെല്ലാം തല്‍പര കക്ഷികളുടെ കുപ്രചരണമാണെന്നാണ് കുഞ്ഞാലിക്കുട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. എന്നാല്‍ വിശദീകരണത്തിലൊരിടത്തും പാര്‍ലമെന്റില്‍ പോകാതെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിമര്‍ശനത്തിന് മറുപടി പറയുന്നില്ല. ഇതോടെ ആശയക്കുഴപ്പം കൂടുതല്‍ ശക്തമായി.
വോട്ടെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു ആദ്യ തീരുമാനമെന്ന എം.കെ മുനീറിന്റെ വാക്കുകളും വിവാദത്തിന് ആക്കം കൂട്ടി. ഇതിനെ ഇ.ടി മുഹമ്മദ് ബഷീര്‍ തള്ളി. ബഹിഷ്കരിക്കുക എന്ന തീരുമാനം പാര്‍ട്ടി എടുത്തതായി അറിയില്ലെന്നായിരുന്നു ഇ.ടിയുടെ നിലപാട്. കുഞ്ഞാലിക്കുട്ടിക്കായി കാര്യമായ പ്രതിരോധം ലീഗ് സംസ്ഥാന നേതാക്കള്‍ നടത്തിയില്ലെന്നതും ശ്രദ്ധേയമായി.
Adjust Story Font
16

