‘മുസ്‌ലിംങ്ങൾക്ക് ഇവിടെ ജീവിക്കണ്ടേ? ആഘോഷിക്കണ്ടേ?’; ‘ജനം’ ടി.വിയുടെ വ്യാജ വാര്‍ത്തക്ക് മറുപടിയുമായി സലീം കുമാര്‍

കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന 'ജനം' ടി.വിയുടെ വ്യാജ വാര്‍ത്തക്ക് മറുപടിയുമായി നടന്‍ സലീം കുമാര്‍ രംഗത്തെത്തി. ഓൺലൈൻ മാധ്യമമായ ‘ന്യൂസ് റപ്റ്റിന്’ നൽകിയ വിശദീകരണത്തിലാണ് അന്ന് പരിപാടിക്ക് മുഖ്യാതിഥിയായി പങ്കെടുത്ത നടൻ സലീം കുമാർ സത്യാവസ്ഥ തുറന്ന് പറഞ്ഞത്. മാർച്ചിൽ നടന്ന പരിപാടി വിദ്യാർത്ഥികളുടെ ആഘോഷം മാത്രമായിരുന്നെന്നും സി.ഐ.ഡി മൂസ എന്ന സിനിമയുടെ പ്രത്യേക തീമിൽ രൂപം കൊടുത്ത ആന്വൽ ഡേക്ക് അതേ രൂപത്തിൽ വസ്ത്രം ധരിച്ചുവെന്നേയുള്ളുവെന്നും അന്ന് നടന്ന ആഘോഷ പരിപാടി മികച്ചതായിരുന്നെന്നും സലീം കുമാർ പറയുന്നു. ജനം ടി.വി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും മുസ്‌ലിംങ്ങൾക്ക് ഈ നാട്ടില്‍ ജീവിക്കണ്ടെയെന്നും അവർക്ക് ആഘോഷിക്കേണ്ടെയെന്നും സലീം കുമാർ ചോദിച്ചു. നല്ല രീതിയില്‍ കോളെജ് നടത്തുന്ന ഡീസന്റ് ആള്‍ക്കാരാണ് സി.എച്ച്.എം.എം കോളെജ് മാനേജ്‌മെന്റ് എന്നും സലീം കുമാർ പറയുന്നു.
അതെ സമയം കോളേജിനെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ കോളേജ് അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. ചാവർകോട് സി.എച്ച്.എം.എം കോളജിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്ന പ്രചാരണം വാസ്തവ വിരുദ്ധവും ഗുഢാലോചനയുമാണെന്ന് കോളേജ് ട്രസ്റ്റ് അധികൃതർ വിശദീകരിച്ചു. തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചുള്ള പ്രചാരണമാണിതെന്നും 'മെറ്റ്ക' ട്രസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ. ഷഹീർ വിശദീകരണത്തിലൂടെ പറഞ്ഞു.
ജനം ചാനലിലെ വാർത്ത ശരിയല്ല, കോളജിൽ അത്തരം പ്രവർത്തനങ്ങളൊന്നും തന്നെയില്ല, കോളജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരു വിഡിയോ ക്ലിപ്പാണ് ചിലർ തീവ്രവാദ പ്രവർത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നത്. ആ ആഘോഷത്തെക്കുറിച്ച് അന്വേഷിക്കുകയോ നിജസ്ഥിതി അറിയാൻ ശ്രമിക്കുകയോ ചെയ്യാതെയാണ് ട്രസ്റ്റിനെയും കോളജിനെയും മോശമായി ചാനൽ ചിത്രീകരിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
2018 മാർച്ച് 14ന് നടന്ന ആന്വൽ ഡേ ആഘോഷമാണ് ജനം ടി.വി വ്യാജ പ്രചരണത്തിലൂടെ അല്‍ ഖ്വയ്ദയായി വാര്‍ത്തയില്‍ അവതരിപ്പിക്കുന്നത്. കോളജിലെ ഒരു വിഭാഗം സലിംകുമാർ ഫാൻസുകാരാണ് ആന്വൽ ഡേക്ക് മുഖ്യാതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാൻ തീരുമാനിക്കുന്നതും പരിപാടി സംഭവിക്കുന്നതും. വിദ്യാർഥികള്‍ തന്നെ മുന്നിട്ട് നിന്നത് കൊണ്ട് വിദ്യാർഥികളുടെ ആഗ്രഹത്തെയും താൽപര്യത്തെയും അധികൃതർ ഹനിച്ചില്ലയെന്നും കോളേജ് അധിക്യതര്‍ പറയുന്നു.
Adjust Story Font
16

