Quantcast

മയക്കുമരുന്ന് ഉപയോഗത്തില്‍ കേരളം രണ്ടാമത്

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പിടികൂടിയത് 800 കോടിയുടെ ലഹരിവസ്തുക്കളാണ്

MediaOne Logo

Web Desk

  • Published:

    5 Jan 2019 8:31 AM IST

മയക്കുമരുന്ന് ഉപയോഗത്തില്‍ കേരളം രണ്ടാമത്
X

രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ കേരളം രണ്ടാമതെന്ന് കണക്കുകള്‍. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പിടികൂടിയത് 800 കോടിയുടെ ലഹരിവസ്തുക്കളാണ്. പുകയില ഉല്പന്നങ്ങള്‍ മാത്രം 1000 ടണ്‍ പിടികൂടി നശിപ്പിച്ചെന്നും എക്സൈസ് വകുപ്പ് വ്യക്തമാക്കി.

2014ല്‍ ലഹരിയുമായി ബന്ധപ്പെട്ട് 900 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2018 ആയപ്പോഴേക്കും ഇത് 7700 കേസുകളായി മാറി. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് ലഹരി മരുന്നുമായി ബന്ധപ്പെട്ട് 7802 പേരെ അറസ്റ്റ് ചെയ്തു. 1900 കിലോ കഞ്ചാവാണ് പിടികൂടിയത്. 2200 കഞ്ചാവ് ചെടികള്‍, 65 കിലോ ഹാഷിഷ് ഓയില്‍, 32 കിലോ എം.ഡി.എം.എ എന്നിവയും പിടിച്ചു. ഇതു കൂടാതെ ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, എല്‍.എസ്.ഡി, ചരസ്, ഒപിയം അടക്കമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

1000 ടണ്ണോളം പുകയിലയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ട കേന്ദ്രമായി സംസ്ഥാനത്ത് കൊച്ചി മാറുന്നതായിട്ടാണ് സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാകുന്നതെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.

കടല്‍മാര്‍ഗവും ആകാശമാര്‍ഗവും മയക്കുമരുന്ന് കടത്ത് നടക്കുന്നു, വിമാനമാര്‍ഗം വഴിയുള്ള മയക്കുമരുന്ന് കടത്ത് പിടിക്കുന്നതിനായി സിവില്‍ ഏവിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആധുനിക സജ്ജീകരണത്തോടെയുള്ള സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്.

TAGS :

Next Story