പത്തനംതിട്ട യു.ഡി.എഫ് അനുകൂല ലോക്സഭ മണ്ഡലം
ലോക്സഭയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ആന്റോ ആന്റണി ഇക്കുറിയും പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.

ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുള്ള മണ്ഡലങ്ങളില് ഒന്നാണ് പത്തനംതിട്ട. സിറ്റിങ് എം.പി ആന്റോ ആന്റണി തന്നെ ഇക്കുറിയും യു.ഡി.എഫ് സ്ഥാനാര്‍ഥി ആകാനാണ് സാധ്യത. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇടതുമുന്നണിയിലും എന്‍.ഡി.എയിലും പുരോഗമിക്കുകയാണ്.
ലോക്സഭയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ആന്റോ ആന്റണി ഇക്കുറിയും പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. സാമുദായിക പരിഗണനയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്റെ പേരും ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഗ്രൂപ്പുകള്‍ക്ക് അനഭിമതനായ പി. ജെ കുര്യന് ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തുണക്കേണ്ടിവരും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഹൈന്ദവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ പരിഗണിച്ചാല്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മുന്‍ ഡി.സി.സി പ്രസിഡന്റ് മോഹന്‍രാജും പരിഗണിക്കപ്പെട്ടേക്കും. സാമുദായിക സമവാക്യങ്ങള്‍ തന്നെയാകും ഇത്തവണയും നിര്‍ണായകമാകുന്നത്.
തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ 4 ഇടങ്ങളില്‍ എല്‍.ഡി.എഫ് പ്രതിനിധിയും രണ്ട് യു.ഡി.എഫ് പ്രതിനിധിയും ഒരു സ്വതന്ത്രനുമാണുള്ളത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിലും എല്‍.ഡി.എഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ ഘടകം നിര്‍ണായകമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസ് നേതാവായിരുന്ന പീലിപ്പോസ് തോമസിനെ ഇടതു പാളത്തില്‍ എത്തിച്ച് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച ഇടതുപക്ഷം ഇത്തവണയും പൊതുസമ്മതനായ സ്ഥാനാര്‍ഥിയേയാണ് പരിഗണിക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ തോമസ്, മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്‍.ഡി.എയില്‍ ബി.ഡിജെഎസ് പത്തനംതിട്ട സീറ്റിനായി രംഗത്തുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥി മത്സരിക്കുകയാണെങ്കില്‍ മുന്‍ മത്സര പരിചയമുള്ള എന്‍. ടി രമേശിനെ പരിഗണിച്ചേക്കും.
Adjust Story Font
16

