ഫിന്‍ലാന്‍ഡില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; ജാഗ്രത പാലിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്...
ഫിന്‍ലാന്‍ഡില്‍ വിദേശികള്‍ക്ക് നഴ്സിങ് ജോലി ലഭിക്കണമെങ്കില്‍ അവിടെ തന്നെ നഴ്സിങ് പഠിക്കണം,

ഫിന്‍ലാന്‍ഡില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. കേരളത്തില്‍ നിന്നുള്ളവരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വലിയ തുകയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ കൈപ്പറ്റുന്നത്.
ഫിന്‍ലാന്‍ഡില്‍ വിദേശികള്‍ക്ക് നഴ്സിങ് ജോലി ലഭിക്കണമെങ്കില്‍ അവിടെ തന്നെ നഴ്സിങ് പഠിക്കണം, കൂടാതെ ഭാഷാ സര്‍ട്ടിഫിക്കറ്റും ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കണം. അല്ലെങ്കില്‍ ഫിന്‍ലാന്‍ഡ് പൌരത്വമുള്ളവരെ വിവാഹം ചെയ്ത് നാട്ടിലെത്തുന്നവര്‍ക്ക് മാത്രമേ ജോലി ലഭിക്കൂ. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് ഫിന്‍ലാന്‍ഡില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ വന്‍ തുക തട്ടുന്നത്. ബോംബെ ആസ്ഥാനമായുള്ള ഏജന്‍സികളാണ് തട്ടിപ്പ് നടത്തുന്നത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നതായി ഫിന്‍ലാന്‍ഡിലെ മലയാളി അസോസിയേഷനുകള്‍ പറയുന്നു. മലയാളികളാണ് കബളിക്കപ്പെടുന്നവരില്‍ അധികവും.
സമീപകാലത്തായി അറുപതോളം പേരെ ജോലി വാഗ്ദാനം ചെയ്ത് ഡല്‍ഹിയിലെത്തിച്ചു. അവിടെ താമസിപ്പിച്ച ശേഷം ടിക്കറ്റുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ തുക ഈടാക്കി. എന്നാല്‍ ഒരുമാസത്തോളം ഡല്‍ഹിയില്‍ താമസിപ്പിച്ച ശേഷം ഫിന്‍ലാന്‍ഡിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പലരേയും മടക്കി അയച്ചു. പലരും ഇപ്പോഴും ഡല്‍ഹിയില്‍ തുടരുന്നുമുണ്ട്. അഞ്ച് വര്‍ഷത്തോളമായി ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും അപമാനം ഭയന്ന് ആരും പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല. ഫിന്‍ലാന്‍ഡിലെ മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെടുന്നവരെ അധികൃതര്‍ ബോധവത്കരിക്കുന്നുണ്ടെങ്കിലും ഏജന്‍സികളെ വിശ്വസിച്ച് തട്ടിപ്പിനിരയാകുന്നവര്‍ നിരവധിയാണ്. ജോലി തട്ടിപ്പില്‍ ഫിന്‍ലാന്‍ഡ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
Adjust Story Font
16

