സ്വകാര്യ കമ്പനിയെ ടെണ്ടറിൽ പങ്കെടുപ്പിക്കാൻ കത്ത് നല്‍കിയ ഗതാഗതമന്ത്രിക്കെതിരെ ഹൈക്കോടതി വിമർശം
ഇടപാടിൽ മന്ത്രി ഇടപെടേണ്ട സാഹചര്യം എന്തായിരുന്നു, കരാറിൽ മന്ത്രിക്ക് എന്താണ് പ്രത്യേക താല്‍പര്യമുള്ളത്? തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു.

കെ.എസ്.ആര്‍.ടി.സിയിലെ ടിക്കറ്റ് മെഷീന്‍ പർച്ചേസ് കരാറിൽ ഇടപെട്ട ഗതാഗത മന്ത്രിക്കെതിരെ ഹൈക്കോടതി വിമർശം. സ്വകാര്യ കമ്പനിയെ ടെണ്ടറിൽ പങ്കെടുപ്പിക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്‍ എം.ഡിക്ക് കത്ത് നല്‍കിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി.
ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ വാങ്ങാനുള്ള ടെൻഡറിൽ പങ്കെടുക്കാൻ താല്‍പര്യം പ്രകടിപ്പിച്ച സ്വകാര്യ കമ്പനിയെ പ്രത്യേകം പരിഗണിക്കാൻ നിർദേശിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ കത്ത് നൽകിയിരുന്നു. ഈ കത്തിനെ പരാമർശിച്ചായിരുന്നു കോടതിയുടെ വിമർശനം.
മൈക്രോ എഫക്ട് എന്ന കമ്പനിയുടെ ഹർജി പരിഗണിക്കുന്നതിനിടെ ആണ് കത്ത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപെട്ടത്. ഇടപാടിൽ മന്ത്രി ഇടപെടേണ്ട സാഹചര്യം എന്തായിരുന്നു, കരാറിൽ മന്ത്രിക്ക് എന്താണ് പ്രത്യേക താല്‍പര്യമുള്ളത്? തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. കത്ത് വെറുതെ നല്‍കിയതാണെന്നും ഗൗരവമായി എടുക്കേണ്ടതില്ലെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചെങ്കിലും കോടതി ചോദ്യങ്ങൾ ആവർത്തിച്ചു. തുടർന്ന് ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാരിനോട് നിർദേശിച്ചു. പത്തു ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാനായി കേസ് മാറ്റിവച്ചു.
Adjust Story Font
16

