Quantcast

പെരിയ ഇരട്ടകൊല: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

പ്രതിഷേധം സ്വാഭാവികമാണെന്നും സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 Feb 2019 6:54 PM IST

പെരിയ ഇരട്ടകൊല: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
X

കാസര്‍കോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ മാര്‍ച്ച് നടത്തി. പലയിടത്തും സംഘര്‍ഷമുണ്ടായി. കൊലപാതകത്തിനെതിരായ പ്രതിഷേധം സ്വാഭാവികമാണെന്നും സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കായിരുന്നു മാര്‍ച്ച്. മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സമരക്കാര്‍ തകര്‍ത്തു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളത്ത് ഐ.ജി ഓഫീസിലേക്കും ആലുവ എസ്.പി ഓഫീസിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. രണ്ടിടത്തും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നീതിപീഠത്തോട് ബഹുമാനമാണുള്ളതെന്നും എന്നാല്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടലുകള്‍ക്ക് വിധേയമാകുകയാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

മലപ്പുറത്ത് എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എ.ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് നടക്കാവ് സ്‌കൂളിന് മുന്നില്‍ പോലീസ് തടഞ്ഞു. പൊലീസിന് നേരെ കല്ലേറുണ്ടായി. ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞ് പോകാന്‍ തയ്യാറാകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയത് ഏറെനേരം സംഘര്‍ഷത്തിനിടയാക്കി. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നില്ലെന്നാരോപിച്ച് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ പ്രതിഷേധിച്ചു.

TAGS :

Next Story