Quantcast

രാഹുലിന്റെ വരവ് ഇടതുപക്ഷത്തെ പൊള്ളിക്കുമോ ? 

രാഹുല്‍ തീര്‍ക്കുന്ന ഓളത്തില്‍ മറ്റ് മണ്ഡലങ്ങളിലും ജയം അനായാസമാക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസും ഘടകകക്ഷികളും. 

MediaOne Logo

Web Desk

  • Published:

    23 March 2019 6:39 PM IST

രാഹുലിന്റെ വരവ് ഇടതുപക്ഷത്തെ പൊള്ളിക്കുമോ ? 
X

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ യു.ഡി.എഫിന് സംസ്ഥാനത്താകെ അതിന്റെ നേട്ടം ലഭിക്കും. രാഹുല്‍ തീര്‍ക്കുന്ന ഓളത്തില്‍ മറ്റ് മണ്ഡലങ്ങളിലും ജയം അനായാസമാക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസും ഘടകകക്ഷികളും. രാഹുലെത്തുന്നതോടെ ഇടത് പക്ഷത്തിന് പ്രചരണത്തിന് പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ടി വരും.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന മണ്ഡലമായി വയനാട് മാറുമ്പോള്‍ അതിന്റെ അലയൊലികള്‍ അവിടെ മാത്രം ഒതുങ്ങില്ല. കേരളത്തിലാകെയും വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലും തമിഴ്നാട്ടിലുമൊക്കെ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കപ്പെടും. നരേന്ദ്ര മോദിയെ പുറത്താക്കി മതേതര സര്‍ക്കാരുണ്ടാക്കുക എന്നത് തന്നെയാണ് കേരളത്തില്‍ യു.ഡി.എഫും എല്‍‌.ഡി.എഫും മുന്നോട്ട് വെയ്ക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയം. ഇതില്‍ രാഹുലിന്റെ വരവോടെ യു.ഡി.എഫിന് മേല്‍കൈ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

കോണ്‍ഗ്രസ് വയനാട് മുസ്‍ലിം പ്രാതിനിധ്യത്തിനായി മാറ്റി വെച്ച മണ്ഡലമാണ്. അവിടേക്ക് രാഹുലെത്തുമ്പോള്‍ നരേന്ദ്ര മോദിയെ പുറത്താക്കാനുള്ള ഏറ്റവും വലിയ ആയുധമെന്ന നിലയില്‍ ന്യൂനപക്ഷ വോട്ടുകളാകെ യു.ഡി.എഫിന് അനുകൂലമായി സംസ്ഥാനത്ത് ഉടനീളം മാറാനുള്ള സാധ്യതകള്‍ തള്ളാനാവില്ല. ഒപ്പം കോണ്‍ഗ്രസ് അണികള്‍ക്കുണ്ടാവുന്ന ആവേശം പ്രചരണത്തിലും പ്രതിഫലിക്കും.

യു.ഡി.എഫിന് എതിരെ ഇതുവരെ ഇടതുപക്ഷം ഉയര്‍ത്തി കൊണ്ടുവന്ന ആയുധങ്ങളൊന്നും രാഹുലെത്തിയാല്‍ മതിയാവാതെ വരും. ഇത് ഇടത്പക്ഷത്തിനുമറിയാം. അതുകൊണ്ടാണ് ബി.ജെ.പിയെ എതിര്‍ക്കേണ്ടതിന് പകരം കേരളത്തിലെത്തി രാഹുല്‍‌ ഇടത്പക്ഷത്തോട് ഏറ്റുമുട്ടുന്നതിന്റെ യുക്തി ചോദ്യം ചെയ്ത് മുഖ്യമന്ത്രിയും കൊടിയേരി ബാലകൃഷ്ണനും തുടക്കത്തിലെ രംഗത്ത് എത്തിയത്.

TAGS :

Next Story