Quantcast

രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കും; തീരുമാനം ഉടന്‍  

മുന്നൂറിലധികം സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. അപ്പോഴും വയനാടും വടകരയും എപ്പോൾ ഉണ്ടാകും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ല

MediaOne Logo

Web Desk

  • Published:

    30 March 2019 6:41 AM IST

രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കും; തീരുമാനം ഉടന്‍  
X

നാമനിർദേശ പത്രിക നൽകാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും വയനാട്, വടകര സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം നീളുന്നു. ഇതുവരെ ഇറങ്ങിയ 17 സ്ഥാനാർഥി പട്ടികകളിലും ഇരു മണ്ഡലങ്ങളും ഉൾപ്പെട്ടില്ല. അതേസമയം ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കാനുള്ള ആവശ്യം ന്യായമാണെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

മുന്നൂറിലധികം സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. അപ്പോഴും വയനാടും വടകരയും എപ്പോൾ ഉണ്ടാകും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ല. വയനാടിന്റെ കാര്യത്തിലെ അനിശ്ചിതാവസ്ഥയാണ് വടകര പ്രഖ്യാപനത്തിന് തടസമായത്.

കെ.മുരളീധരന്റെ സ്ഥാനാർഥിത്വത്തിൽ ആശയക്കുഴപ്പം ഇല്ല എന്ന് ഹൈക്കമാൻഡ് നേതാക്കൾ വ്യക്തമാക്കി. വയനാടിന്റെ പ്രഖ്യാപനം രാഹുൽ നിലപാട് അറിയിക്കുന്നത് വരെ നീളും. ദക്ഷിണേന്ത്യയിൽ മത്സരിക്കാനുള്ള സാധ്യത രാഹുൽ തള്ളിക്കളയുന്നില്ല. ഇക്കാര്യം ഒരു ഹിന്ദി പത്രത്തിനോടും വാർത്ത ഏജൻസി പി.ടി.ഐയോടും രാഹുൽ ആവർത്തിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പി ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ചു. ദക്ഷിണേന്ത്യയിലെ ജനങ്ങൾ അവരുടെ ഭാഷയും സംസ്കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ്. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ആവശ്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അതിനാൽ ഇപ്പോഴും പ്രതീക്ഷയിലാണ് കേരള നേതാക്കളും പ്രവർത്തകരും. കർണാടകയിലെ ബിദാറും പരിഗണനയിൽ ഉണ്ട്. വിജയ സാധ്യത സംബന്ധിച്ച് വിലയിരുത്തലുകൾ നടക്കുകയാണെന്നും ഹൈക്കമാൻഡ് നേതാക്കൾ പറയുന്നു.

TAGS :

Next Story