മറ്റു മണ്ഡലങ്ങളില്‍ നിന്ന് വയനാട്ടിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാന്‍ കെ.പി.സി.സി രംഗത്ത്
സജീവമല്ലാത്ത മണ്ഡലം കമ്മറ്റികളെയും നേതാക്കളേയും നിരീക്ഷിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്

രാഹുല്‍ ഗാന്ധിയുടെ വരവോടെ വി.വി.ഐ.പി മണ്ഡലമായി മാറിയ വയനാട്ടിലേക്ക് മറ്റു മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാന്‍ കെ.പി.സി.സി രംഗത്ത്. പ്രവര്‍ത്തകര്‍ സ്വന്തം ബൂത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള നിര്‍ദേശം കെ.പി.സി.സി പ്രാദേശിക ഘടകങ്ങള്‍ക്ക് കൈമാറി. പ്രാദേശിക നേതാക്കളോടും അതാത് മണ്ഡലങ്ങളില്‍ മാത്രം സജീവമാകാനും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ വരവിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലെത്തുന്നത് മൂലം ബാക്കിയുള്ള 19 മണ്ഡലങ്ങളിലും ഇടത് മുന്നണിക്ക് ജയിക്കാനാകുമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഏതായാലും ഈ അപകടം കെ.പി.സി.സി നേതൃത്വവും തിരിച്ചിറിഞ്ഞു.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയിലും കോഴിക്കോടുമുള്ള പ്രവര്‍ത്തകര്‍ നേരത്തെ വയനാട്ടില്‍ എത്തിയിരുന്നെങ്കിലും ഇവരോടെല്ലാം മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ബൂത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഡി.സി.സി തലത്തിലുള്ള നേതാക്കളും അതാത് മണ്ഡലത്തില്‍ സജീവമാകാനാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. വയനാടിന്‍റെ ചുമതലയുള്ളവരല്ലാതെ ആരും ചുരം കയറേണ്ടെന്ന് ചുരുക്കം.
ഇതിനൊപ്പം തെരെഞ്ഞടുപ്പ് കമ്മറ്റി ഓഫീസുകളില്‍ വെറുതെയിരുന്ന് സമയം കളയരുതെന്ന കര്‍ശന നിര്‍ദേശവും പ്രാദേശിക നേതാക്കൾക്ക് കെ.പി.സി.സി നല്‍കി. സജീവമല്ലാത്ത മണ്ഡലം കമ്മറ്റികളെയും നേതാക്കളേയും നിരീക്ഷിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്കിന് തടയിടാന്‍ കോണ്‍ഗ്രസ് ബൂത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം. ഓഫീസുകളിലിരുന്ന് സമയം കളയരുതെന്നും നേതൃത്വം.
Adjust Story Font
16

