രാഹുലിന്‍റെ തിരുനെല്ലിയിലെ ബലിതര്‍പ്പണം പിതൃക്കള്‍ക്കും രക്തസാക്ഷികള്‍ക്കും വേണ്ടി
പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയില്‍ എത്തിയ രാഹുല്‍ ഏഴ് തലമുറയിൽപ്പെട്ടവർക്ക് വേണ്ടി പാപനാശിനിയിൽ ബലിയര്‍പ്പിച്ചു.

അച്ഛന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന തിരുനെല്ലിയില്‍ പിതൃക്കള്‍ക്കും രക്തസാക്ഷികള്‍ക്കും വേണ്ടി രാഹുലിന്‍റെ ബലിതര്‍പ്പണം. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലിയില്‍ എത്തിയ രാഹുല്‍ ഏഴ് തലമുറയിൽപ്പെട്ടവർക്ക് വേണ്ടി പാപനാശിനിയിൽ ബലിയര്‍പ്പിച്ചു.
കണ്ണൂരിൽ നിന്ന് കാലത്ത് 10.5ഓടെ തിരുനെല്ലിയിലെ സരളാദേവി മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ രാഹുൽ ഗാന്ധി 10 മിനിറ്റിനകം തിരുനെല്ലി ക്ഷേത്രത്തിൽ എത്തി. ഒപ്പം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ വാസുവിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ രാഹുലിനെ സ്വീകരിച്ചു. പിന്നെ ക്ഷേത്രത്തിലേക്ക്.
40 മിനിട്ട് നേരത്തെ ക്ഷേത്ര ദർശനം. പിതാവ് രാജീവ് ഗാന്ധിക്കും ഇന്ദിരാഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങി ഏഴ് തലമുറയിൽപെട്ട ബന്ധുക്കള്‍ക്കും വേണ്ടി തിരുനെല്ലി പാപനാശിനിയിൽ പിതൃതർപ്പണം നടത്തി. 28 വർഷം മുന്‍പ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത കർമ്മങ്ങൾക്ക് സാക്ഷിയായ ഗണേഷ് ഭട്ടതിരി തന്നെയായിരുന്നു പിതൃതർപ്പണ ചടങ്ങുകൾക്കും കാർമികത്വം വഹിച്ചത്.
രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവര്‍ക്കും പുല്‍വാമയടക്കമുള്ള ഭീകരാക്രമണത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്കും വേണ്ടിയും രാഹുല്‍ ബലിതര്‍പ്പണം നടത്തി. ചടങ്ങുകൾക്കുശേഷം നേതാക്കൾക്കും ക്ഷേത്ര ഭാരവാഹികൾക്കും ഒപ്പം രാഹുൽ പുറത്തേക്കിറങ്ങി. കൂടിനിന്ന പ്രവർത്തകരെയും ക്ഷേത്ര ദർശനത്തിനെത്തിയവരെയും അഭിവാദ്യം ചെയ്ത് മടക്കം.
Adjust Story Font
16

