Quantcast

പരാജയത്തിന്റെ വക്കില്‍ നിന്ന് വിജയത്തിന്റെ തുരുത്തിലേക്ക് തുഴഞ്ഞ് ആരിഫ്

സ്വന്തം മണ്ഡലമായ അരൂർ കൈവിട്ടപ്പോഴും ചേർത്തലയും കായംകുളവും നൽകിയ കരുത്തുറ്റ പിന്തുണയാണ് വിജയമൊരുക്കിയത്.

MediaOne Logo

Web Desk

  • Published:

    23 May 2019 5:54 PM GMT

പരാജയത്തിന്റെ വക്കില്‍ നിന്ന് വിജയത്തിന്റെ തുരുത്തിലേക്ക് തുഴഞ്ഞ് ആരിഫ്
X

പരാജയത്തിന്റെ വക്കിൽ നിന്നാണ് വിജയത്തിന്റെ തുരുത്തിലേക്ക് എ.എം ആരിഫ് തുഴഞ്ഞെത്തിയത്. സ്വന്തം മണ്ഡലമായ അരൂർ കൈവിട്ടപ്പോഴും ചേർത്തലയും കായംകുളവും നൽകിയ കരുത്തുറ്റ പിന്തുണയാണ് വിജയമൊരുക്കിയത്. വിജയിച്ചത് രാഷ്ട്രീയേതര വോട്ടുകൾ കൂടി സ്വാംശീകരിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിൽ ആരിഫിനെ സ്ഥാനാർത്ഥിയാക്കിയ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ തീരുമാനവും.

ആദ്യ ലീഡോടെ ആരിഫ് തുടങ്ങിയെങ്കിലും മാറി മറിഞ്ഞ ലീഡുകളിൽ ആലപ്പുഴ രാഷ്ട്രീയ കേരളത്തെ മുൾമുനയിൽ നിർത്തി. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ തുടക്കം മുതലേ നാലും നിന്നത് യു.ഡി.എഫിനൊപ്പം. ചേർത്തലയും കായംകുളവും ആലപ്പുഴ മണ്ഡലവും ഇടമുറിയാതെ നൽകിയ അധിക വോട്ടുകളാണ് ആരിഫിനെ പിടിച്ച് നിർത്തിയത്. അരൂര്‍ കൈവിട്ടത് പാർട്ടിയേയും പ്രവർത്തകരേയും ഒരേ പോലെ ഞെട്ടിച്ചു. ആലപ്പുഴയെന്ന ആശ്വാസപ്പുഴ കടക്കാൻ ആരിഫിന് പാലമിട്ടത് പതിനേഴായിരത്തോളം ലീഡ് നൽകിയ ചേർത്തലയാണ്.

പ്രതീക്ഷിച്ച വോട്ടുകൾ പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്ട് നിന്ന് യു.ഡി.എഫിന് കിട്ടിയില്ല. ആലപ്പുഴ മുൻസിപ്പാലിറ്റിയും വിജയമൊരുക്കാനുള്ള വോട്ട് നൽകിയില്ല. കരുനാഗപള്ളിയും അമ്പലപ്പുഴയും പ്രതീക്ഷകൾക്കൊപ്പം നിന്നപ്പൊഴും അപ്രതീക്ഷിതമായ ലീഡ് സമ്മാനിച്ചത് അരൂരാണ്. അല്ലായിരുന്നെങ്കിൽ ഇടത് മുന്നണിയുടെ ഭൂരിപക്ഷം കാൽ ലക്ഷം കടന്നേനെ. ബി.ജെ.പിയുടെ അപ്രതീക്ഷിത മുന്നേറ്റമാണ് ആലപ്പുഴയിലെ ജയപരാജയങ്ങളെ നിർണ്ണയിച്ച ഒരു ഘടകം. യു.ഡി.എഫ് തരംഗത്തില്‍ ഇടത് കോട്ടകൾ തകർന്നടിഞ്ഞപ്പോൾ ഇടത് പക്ഷത്തിന് ആശ്വാസമായത് പുന്നപ്ര വയലാറിന്റെ മണ്ണ്.

TAGS :

Next Story