Quantcast

പി ജയരാജനെതിരായ വധഭീഷണിയില്‍ മാപ്പുപറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകന്‍

കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി ജയരാജന്‍ കോടതിയെ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    10 Jan 2020 7:27 PM IST

പി ജയരാജനെതിരായ വധഭീഷണിയില്‍ മാപ്പുപറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകന്‍
X

സി.പി.ഐ.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ മാപ്പുപറഞ്ഞു. എടവണ്ണ സ്വദേശി പറങ്ങോടന്‍ എന്ന അപ്പു(55) ആണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ച് പി ജയരാജനോട് മാപ്പപേക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചത്.

കോടതി നടപടികള്‍ ആരംഭിച്ചയുടനെ അപ്പു നീരുപാധികം മാപ്പുപറയുന്നുവെന്ന് അറിയിച്ചു. തെറ്റ് മനസിലാക്കി ആത്മാര്‍ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി ജയരാജന്‍ കോടതിയെ അറിയിച്ചു. കേസില്‍ സാക്ഷി പറയാനായി രാവിലെയാണ് പി ജയരാജന്‍ എത്തിയത്. ഈ സമയം അപ്പു ജയരാജനെ നേരില്‍ കണ്ട് ക്ഷമാപണം നടത്തി.

2016 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്ത് ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരെ സി.പി.ഐ.എം പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനം നോക്കികാണുന്ന പടം പി ജയരാജന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിന്നു. ഇതിനു താഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. നിന്റെ പടവും ഒരുനാള്‍ അഴീക്കോടന്‍ ഓഫീസില്‍ തൂങ്ങും എന്നായിരിന്നു ഇയാളുടെ കമന്റ്. ഇതിനെതിരെ പി ജയരാജന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തപാലിലും ജയരാജന് വധഭീഷണി ഉണ്ടായിരുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എടവണ്ണ പൊലീസിനോട് കേസ് രജിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരിന്നു.

TAGS :

Next Story