Quantcast

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ്

'വർഗ്ഗീയ ലഹളയിലേക്ക്, എൻ്റെ നാടിനെ തള്ളിവിടാൻ എനിക്കാകില്ല'

MediaOne Logo

Web Desk

  • Published:

    23 March 2021 9:38 AM GMT

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ  പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ്
X

ഈരാറ്റുപേട്ടയിൽ പ്രചാരണത്തിനെത്തിയ പി.സി. ജോർജും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായതിന് പിന്നാലെ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിലെ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഭയന്നിട്ടല്ല പ്രചാരണം അവസാനിപ്പിക്കുന്നതെന്നും ജനിച്ച് വളർന്ന നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും പി.സി ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഒരുപറ്റം ആളുകൾ വോട്ട് ചോദിക്കാനുള്ള എൻ്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോൾ അവർ ലക്ഷ്യം വെക്കുന്ന വർഗ്ഗീയ ലഹളയിലേക്ക്, എൻ്റെ നാടിനെ തള്ളിവിടാൻ എനിക്കാകില്ല. എന്നെ അറിയുന്ന, സ്നേഹിക്കുന്ന ഈ വർഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങൾ ഈരാറ്റുപേട്ടയിൽ ഉണ്ട്. പക്ഷെ അവർക്ക് പോലും കാര്യങ്ങൾ തുറന്ന് പറയാൻ ഭീഷണികൾ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണിപെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയിൽ പ്രസംഗിച്ചിട്ടുള്ളതുമാണ്. എനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയിൽ പ്രചാരണ പരിപാടികൾ അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ് കുറിപ്പില്‍ പറഞ്ഞു.

ഇന്നലെ ഈരാറ്റുപേട്ടയില്‍ വോട്ട് അഭ്യര്‍ത്ഥിക്കവെ നാട്ടുകാരിൽ ചിലർ കൂവിയതോടെ പിസി ജോർജ് ക്ഷുഭിതനായിരുന്നു. ഈരാറ്റുപേട്ട തേവരുപാറയിൽ വാഹന പ്രചാരണവുമായി എത്തിയപ്പോഴാണ് പിസി ജോർജ് നാട്ടുകാർ ചിലരുമായി വാക്കുതർക്കമുണ്ടായത്. പി.സി ജോർജ് വോട്ട് അഭ്യർത്ഥിച്ചു തുടങ്ങിയപ്പോൾ തന്നെ നാട്ടുകാരിൽ ചിലർ കൂവാൻ തുടങ്ങി. ഇതോടെ പ്രകോപിതനായ പി.സി. ജോർജ് പ്രചരണ വാഹനത്തിൽനിന്ന് മൈക്കിലൂടെ തന്നെ മറുപടി നൽകി. വെല്ലുവിളി നിറഞ്ഞ രീതിയിൽ പിസി ജോർജ് സംസാരിച്ചതോടെ കൂവലിന്‍റെ ശക്തിയും കൂടി. ഇതോടെ മനസുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതിയെന്ന് പറഞ്ഞു പിസി ജോർജ് പ്രദേശത്ത് നിന്നും മടങ്ങുകയായിരുന്നു.

പി.സി ജോര്‍ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

എൻ്റെ നാടായ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ പ്രചാരണം ഞാൻ അവസാനിപ്പിക്കുകയാണ്

ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഞാൻ ജനിച്ച് വളർന്ന എൻ്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്.

ഒരുപറ്റം ആളുകൾ വോട്ട് ചോദിക്കാനുള്ള എൻ്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോൾ അവർ ലക്ഷ്യം വെക്കുന്ന വർഗ്ഗീയ ലഹളയിലേക്ക്, എൻ്റെ നാടിനെ തള്ളിവിടാൻ എനിക്കാകില്ല.

എന്നെ അറിയുന്ന, എന്നെ സ്നേഹിക്കുന്ന ഈ വർഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങൾ ഈരാറ്റുപേട്ടയിൽ ഉണ്ട്. പക്ഷെ അവർക്ക് പോലും കാര്യങ്ങൾ തുറന്ന് പറയാൻ ഭീഷണികൾ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണി പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയിൽ ഞാൻ പ്രസംഗിച്ചിട്ടുള്ളതുമാണ്.

എനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയിൽ എൻ്റെ പ്രചാരണ പരിപാടികൾ ഞാൻ അവസാനിപ്പിക്കുകയാണ്.

ഞാൻ അറിയുന്ന എന്നെ സ്നേഹിക്കുന്ന ഇത്തരം വർഗ്ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടിൽ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാർ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോദ്ധ്യമെനിക്കുണ്ട്.

എന്ന് നിങ്ങളുടെ സ്വന്തംപി.സി. ജോർജ്ജ് പ്ലാത്തോട്ടം

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story