Quantcast

ഇനി ശമ്പളവും മുടക്കുമോ; പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി

വിഷുവും ഈസ്റ്ററും പരിഗണിച്ചാണ് ഏപ്രിൽ ആദ്യം ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. കിറ്റ് ജനങ്ങൾക്ക് നൽകുന്നത് സൗജന്യമല്ല. അത് അവരുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 March 2021 5:24 AM GMT

ഇനി ശമ്പളവും മുടക്കുമോ; പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി
X

പ്രതിപക്ഷം പ്രതികാരപക്ഷമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ പരാതി നൽകിയത് ഇതിന്‍റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിപക്ഷം അന്നം മുടക്കിയതെന്നും തുടർച്ചയായി നുണ പറയുന്നതിൽ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

മെയ് മാസത്തെ ക്ഷേമപെൻഷൻ മുൻകൂറായി നൽകുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സര്‍ക്കാര്‍ മെയ് മാസത്തെ പെൻഷൻ മുൻകൂർ നൽകുന്നില്ല. പ്രതിപക്ഷ നേതാവിന് മാർച്ചും മേയും തിരിച്ചറിയാതായോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷൻ നൽകാൻ ഫെബ്രുവരിയിൽ തീരുമാനിച്ചതാണ്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പിന്‍റെ പേര് പറഞ്ഞ് ജീവനക്കാരുടെ ശമ്പളം മുടക്കാൻ പ്രതിപക്ഷം തയാറാകുമോയെന്ന ചോദ്യവും മുഖ്യമന്ത്രി ഉയര്‍ത്തി.

സംസ്ഥാനത്ത് 7 ശതമാനം പേർക്ക് മാത്രമേ കോവിഡ് പിടികൂടിയിട്ടുള്ളൂവെന്നും 90 ലക്ഷം പേർക്ക് കോവിഡ് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് രാജ്യത്ത് പട്ടിണി വർധിപ്പിച്ചു. പട്ടിണി തടഞ്ഞു നിർത്താൻ എല്‍ഡിഎഫ് സർക്കാരിനായി. കമ്യൂണിറ്റി കിച്ചൻ, ഭക്ഷ്യ കിറ്റ് എന്നിവ ഇതിന് സഹായിച്ചു. വിഷുവും ഈസ്റ്ററും പരിഗണിച്ചാണ് ഏപ്രിൽ ആദ്യം ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. കിറ്റ് ജനങ്ങൾക്ക് നൽകുന്നത് സൗജന്യമല്ല. അത് അവരുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അന്നം മുടക്കികളാരാണെന്ന് ജനം തിരിച്ചറിയുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ജനങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയാണ് അന്നം മുടക്കിയത്. പാവപ്പെട്ടവരുടെ ചട്ടിയിൽ കയ്യിട്ട് വാരിയാണ് മുഖ്യമന്ത്രി കോടികളുടെ പരസ്യം നൽകുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story