Quantcast

ക്യാപ്റ്റനാണോ? ആളുകൾ അങ്ങനെ പലതും വിളിക്കുമെന്ന് മുഖ്യമന്ത്രി

ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കേണ്ടെന്നും പിണറായി വിജയന്‍

MediaOne Logo

Web Desk

  • Published:

    3 April 2021 5:13 AM GMT

ക്യാപ്റ്റനാണോ? ആളുകൾ അങ്ങനെ പലതും വിളിക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ക്യാപ്റ്റൻ വിളി അറിഞ്ഞിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആളുകൾക്ക് താത്പര്യം വരുമ്പോൾ അങ്ങനെ പലതും വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാൻ പോകുന്ന കാര്യമല്ല. അത് ആളുകൾ പലതും വിളിക്കും. അവർക്ക് താത്പര്യം വരുമ്പോൾ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാൻ കഴിയില്ല. അതങ്ങനെ ആലോചിച്ചാൽ മതി' - എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

നേരത്തെ, പാർട്ടിക്ക് ക്യാപ്റ്റനില്ലെന്നും പാർട്ടി അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. പാർട്ടിക്ക് എല്ലാവരും സഖാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'വിശേഷണങ്ങൾ നൽകുന്നത് വ്യക്തികളാണ്. അതുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടിക്ക് എല്ലാവരും സഖാക്കൾ ആണ്. തീരുമാനങ്ങൾ എടുക്കുന്നത് പാർട്ടി ആണ്, അല്ലാതെ മുഖ്യമന്ത്രി അല്ല' - എന്നായിരുന്നു കോടിയേരിയുടെ വാക്കുകൾ.

മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ടു വരുമെന്ന് തോന്നുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 'എനിക്കങ്ങനെ തോന്നുന്നില്ല. കാരണം, ഇപ്പോൾ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗാണല്ലോ ഇതിന്റെ പ്രധാന ചാമ്പ്യനായി നടക്കുന്നത്. അത് ഞങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കുമെന്ന വാശിയിൽ പലയിടത്തും നീങ്ങിക്കൊണ്ടിരിക്കുന്നത് അവരാണല്ലോ. എന്നാൽ ലീഗ് അണികൾ, ലീഗിനോട് ഒപ്പം നിൽക്കുന്നവര്, അങ്ങനെയുള്ള പലരും ഇപ്പോൾ അതേ വികാരത്തിലല്ല എന്ന് തിരിച്ചറിഞ്ഞാൽ നല്ലത്' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കെഎസ്ഇബി കരാറുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ആരോപണങ്ങൾ പച്ചനുണയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങിയത് പൊതുമേഖലയിൽ നിന്നാണ്. കെഎസ്ഇബി കരാർ ഒപ്പുവച്ചത് സോളാർ എനർജി കോർപറേഷനുമായാണ്. അദാനിയുമായി കെഎസ്ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. തെളിവുണ്ടെങ്കിൽ ചെന്നിത്തല പുറത്തുവിടട്ടെയെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story