Quantcast

ജാനകിയും റസാക്കും കൊള്ളേണ്ടിടത്ത് കൊണ്ടു; വീണ്ടും വിദ്വേഷ പോസ്റ്റുമായി കൃഷ്ണകുമാർ

"ജിഹാദികൾക്കും ഡേ ടൈം സഖാക്കളായ നൈറ്റ് ടൈം ജിഹാദികൾക്കും ഇന്നത്തെ ജാനകിയും റസാക്കും എന്ന പോസ്റ്റ് കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു"

MediaOne Logo

Web Desk

  • Published:

    9 April 2021 9:08 AM GMT

ജാനകിയും റസാക്കും കൊള്ളേണ്ടിടത്ത് കൊണ്ടു; വീണ്ടും വിദ്വേഷ പോസ്റ്റുമായി കൃഷ്ണകുമാർ
X

തൃശൂർ മെഡിക്കൽ കോളജിലെ വൈറൽ ഡാൻസേഴ്‌സായ നവീനും ജാനകിക്കുമെതിരെ വീണ്ടും വിദേഷ പോസ്റ്റുമായി ബിജെപി അനുകൂല അഭിഭാഷകൻ കൃഷ്ണരാജ്. ജിഹാദികളുടെ മണ്ടക്ക് തന്നെ കുറിപ്പ് കൊണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

'ജിഹാദികൾക്കും ഡേ ടൈം സഖാക്കളായ നൈറ്റ് ടൈം ജിഹാദികൾക്കും ഇന്നത്തെ ജാനകിയും റസാക്കും എന്ന പോസ്റ്റ് കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു. ജിഹാദികൾ മറനീക്കി പുറത്തുവന്നു. ഇത്രയേ ഉണ്ടായിരുന്നുള്ളൂ എന്റെ ഉദ്ദേശ്യവും' - അദ്ദേഹം കുറിച്ചു.

കുറിപ്പ് ഇങ്ങനെ;

ജിഹാദികളുടെ മണ്ടക്ക് തന്നെ കുറിക്ക് കൊണ്ടു.

ജിഹാദികൾക്കും ഡേ ടൈം സഖാക്കളായ നൈറ്റ് ടൈം ജിഹാദികൾക്കും ഇന്നത്തെ ജാനകിയും റസാക്കും എന്ന പോസ്റ്റ് കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു.

എന്തൊരു വെറളിയും വെപ്രാളവും. ജിഹാദി മാധ്യമങ്ങൾ ഇളകിയാടി. ജിഹാദി മാധ്യമങ്ങളുടെ വക ജിഹാദികൾക്ക് പൊങ്കാലക്കുള്ള ഒഫിഷ്യൽ ക്ഷണം. കമെന്റ് ബോക്‌സ് തുറന്ന് തന്നെ വെച്ചു. അറിയണമല്ലോ.

ഒരു മതത്തിന്റെ കാര്യവും പരാമർശിക്കാത്ത പോസ്റ്റ് വളരെ പെട്ടെന്ന് ലൗ ജിഹാദിനെതിരെയുള്ള പോസ്റ്റ് ആയി മാറി. കമന്റുകൾ വായിക്കാറില്ലെങ്കിലും അതിന്റെ എണ്ണം കണ്ടപ്പോൾ കാര്യം പുടികിട്ടി. അത് കണ്ട് മനസ്സ് നിറഞ്ഞു.

എന്തായാലും ആശയവും സന്ദേശവും എത്തേണ്ടിടത്തു എത്തി. കൊള്ളേണ്ടിടത്തു കൊണ്ടു.

ഹിന്ദു ക്രിസ്ത്യൻ കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമായി. ജിഹാദികൾ മറ നീക്കി പുറത്ത് വന്നു. ഇത്രേ ഉണ്ടായിരുന്നുള്ളൂ എന്റെ ഉദ്ദേശ്യവും. ഞാൻ ചാരിതാർത്ഥ്യനായി.

എന്തോ ഒരു പന്തികേട് മണക്കുന്നു, ജാനകിയുടെ മാതാപിതാക്കൾ സൂക്ഷിച്ചാൽ നന്ന് എന്നാണ് കൃഷ്ണ രാജ് ആദ്യം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നത്.

'ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.' - എന്നായിരുന്നു ആദ്യത്തെ കുറിപ്പ്.

സൈബർ ആക്രമണത്തിനെതിരെ നിരവധി പേർ ഇരുവർക്കും പിന്തുണയുമായി എത്തിയിരുന്നു. വിദ്വേഷ പ്രചാരണങ്ങൾ തങ്ങളെ ബാധിക്കില്ലെന്നും ഇനിയും ഡാൻസ് കളിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

'ഒന്നിച്ചാണ് ക്ലാസിൽ പോകുന്നത്, ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചാണ് കഴിക്കാൻ പോകുന്നേ.. അപ്പോ പിന്നെ ഒന്നിച്ചൊരു ഡാൻസ് കളിച്ചു. അത് അത്രയേ ഉള്ളൂ. എല്ലാവരും ആ സെൻസിൽ എടുക്കണം. ഞങ്ങൾ എന്റർടെയ്ൻമെന്റേ ഉദ്ദേശിച്ചുള്ളൂ. എല്ലാവരും കാണണമെന്ന രീതിയിൽ ഒന്നുമല്ല ഇതെടുത്തത്. എങ്ങനെയോ അത് വൈറലായിപ്പോയി. അത്രയേ ഉള്ളൂ. ഇനിയും വീഡിയോ എടുക്കും. ഞങ്ങൾ തന്നെ ആകണമെന്നില്ല. ഡാൻസ് കളിക്കുന്ന ഇനിയും പിള്ളേരുണ്ട് കോളജിൽ. ഇതിനും തീർച്ചയായും എടുക്കും.' - എന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലായിരുന്നു ഇവരുടെ 30 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന ഇവരുടെ വൈറൽ നൃത്തം. റാ റാ റാസ്പുട്ടിൻ... ലവർ ഓഫ് ദ റഷ്യൻ ക്വീൻ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്താണ് ഇവർ ചുവടുവച്ചത്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വീഡിയോ ആണ് തരംഗമായി മാറിയത്.

ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. ബിജെപിയോട് അടുപ്പമുള്ള കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്.

തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. സഹോദരൻ റോഷൻ ഹൈദരാബാദിൽ സിവിൽ എഞ്ചിനീയറാണ്.

TAGS :

Next Story