വ്യാജ അവകാശവാദങ്ങൾ; പതഞ്ജലിക്കും ബാബാ രാംദേവിനുമെതിരെ കേരളത്തിലെടുത്തത് 26 കേസുകൾ
സംസ്ഥാന ഡ്രഗ്സ് കൺട്രോളർ സുപ്രിം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേസുകളുടെ വിശദാംശങ്ങളുള്ളത്

ന്യൂഡൽഹി: പതഞ്ജലി ആയുർവേദ ഉത്പ്പന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജ അവകാശവാദങ്ങളുമുള്ള പരസ്യങ്ങൾ നൽകിയതിന് ബാബാ രാംദേവിനെതിരെ സംസ്ഥാനത്തെ കോടതികളിലെടുത്തിരിക്കുന്നത് 26 കേസുകൾ. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ സുപ്രിം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേസുകളുടെ വിശദാംശങ്ങളുള്ളത്. പതഞ്ജലി ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ ദിവ്യ ഫാർമസിക്കും ഉടമകളായ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.
1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്) ആക്ട് ലംഘിച്ചുവെന്ന് കണ്ടെത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പതഞ്ജലി ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ അത്ഭുതകരമായ രോഗശാന്തിയുണ്ടാക്കുമെന്നായിരുന്നു പരസ്യങ്ങളിലൂടെ അവകാശപ്പെട്ടത്. ഇത് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. പതഞ്ജലിയുടെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച മൂന്ന് മലയാള പത്രങ്ങൾക്കും ഒരു ഇംഗ്ലീഷ് പത്രത്തിനുമെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
കോഴിക്കോട്, കോട്ടയം, കാക്കനാട്, തിരുവനന്തപുരം, കട്ടപ്പന, പാലക്കാട് എന്നിവിടങ്ങളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലും തൃശൂർ, കൊല്ലം എന്നിവിടങ്ങളിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളിലും ഉൾപ്പെടെ കേരളത്തിലെ വിവിധ കോടതികളിലാണ് ഈ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. കേരള ഡ്രഗ്സ് ഇൻസ്പെക്ടർ ഫയൽ ചെയ്ത മറ്റൊരു കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്, ഫെബ്രുവരി 1 ന് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബാബാ രാംദേവിനും മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മറ്റൊരു കേസിൽ മെയ് മാസത്തിൽ നേരിട്ട് ഹാജരാകാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബാബാ രാം ദേവിനോട് ഉത്തരവിട്ടിരുന്നു.
Adjust Story Font
16

