കൊച്ചി കോർപറേഷന്റെ ഭരണ നേട്ടങ്ങൾ പുസ്തകമാക്കാൻ അരക്കോടി രൂപ; തെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകാന്‍ യുഡിഎഫ്
നികുതിപ്പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നുവെന്ന് ആക്ഷേപം

കൊച്ചി: കോർപറേഷന്‍ ഭരിക്കുന്ന എല്‍ഡിഎഫ് ഭരണനേട്ടങ്ങള്‍ പുസ്തകമാക്കി ഇറക്കാന്‍ അരക്കോടി ചെലവഴിക്കുന്നു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് രാഷ്ട്രീയ പ്രചാരണം ലക്ഷ്യമിട്ട് കോർപറേഷന്‍റെ ധൂർത്ത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ നടപടി ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് യുഡിഎഫ് തീരുമാനം.
എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപറേഷന്‍റെ ബജറ്റിലാണ് വിചിത്രമായ 'സെല്‍ഫ് പ്രമോഷന്‍' പദ്ധതി ഇടം പിടിച്ചത്.ഭരണനേട്ടങ്ങള്‍ പുസ്തകമായി ഇറക്കാന്‍ അമ്പത് ലക്ഷം ചെലവഴിക്കുമെന്നാണ് പ്രഖ്യാപനം. നാല് വർഷത്തിനിടെ നടപ്പാക്കിയ അമ്പത് സുപ്രധാന പദ്ധതികളെ കുറിച്ച് പുസ്തകം തയ്യാറാക്കി ജനങ്ങളെ അറിയിക്കുമെന്നാണ് ബജറ്റ് പുസ്തകത്തിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഈ ചെലവ് ധൂർത്താണെന്ന വിമർശനം ഉയരുകയാണ്.
വിഷയം രാഷ്ട്രീയമായി ഉന്നയിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.അടുത്ത കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് പ്രമേയം കൊണ്ടുവരും.ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള പദ്ധതിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ് നേതൃത്വം.
Adjust Story Font
16

