ആളൊരുങ്ങി അരങ്ങൊരുങ്ങി..; തൃശൂരിൽ കലാപൂരത്തിന് ഇന്ന് കൊടിയേറും
രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കലാമാമാങ്കം ഉദ്ഘാടനം ചെയ്യും.

തൃശൂർ: പൂരത്തിന്റെ നാട്ടിൽ കലാപൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ പത്തിന് പ്രധാനവേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമാമാങ്കം ഉദ്ഘാടനം ചെയ്യും. 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 15,000 പ്രതിഭകളാണ് മാറ്റുരയ്ക്കുക. വിദ്യാഭ്യാസ മന്ത്രി മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാതിഥിയാവും.
രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പതാക ഉയർത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ അണിനിരക്കും.
ബി.കെ ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർഥികൾ നൃത്തരൂപത്തിൽ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് തീം സോങ് തയാറാക്കിയത്. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ അടക്കമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
പൂക്കളുടെ പേരിലുള്ള 25 വേദികൾ 15,000 പ്രതിഭകളുടെ കലാമികവിനായി വിരിയും. കലോത്സവത്തിലെ കളർഫുൾ ഐറ്റങ്ങളായ ഹൈസ്കൂൾ വിഭാഗം സംഘനൃത്തം, ഹയർസെക്കൻഡറി വിഭാഗം ഒപ്പന എന്നിവ രണ്ടും മൂന്നും വേദികളിലായി നടക്കും. പഞ്ചവാദ്യവും അറബനമുട്ടും ദഫ്മുട്ടും ആദ്യ ദിനത്തിൽ കലോത്സവ നഗരിയെ ആവേശത്തിലാക്കാൻ അരങ്ങിലെത്തും.
Adjust Story Font
16

