പാലക്കാട്ട് വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ച് കാലിൽ കുത്തിക്കയറി 13കാരന് പരിക്ക്
സിറിഞ്ചുകളും സൂചികളും റോഡരികിൽ എത്തിയതിൽ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു

പാലക്കാട്: പാലക്കാട് മേപ്പറമ്പിൽ വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ച് കാലിൽ കുത്തിക്കയറി 13കാരന് പരിക്ക്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സൂചിയും സിറിഞ്ചുകളും സ്ഥലത്ത് നിന്ന് നീക്കം ചെയ്തിട്ടില്ല. സിറിഞ്ചുകളും സൂചികളും റോഡരികിൽ എത്തിയതിൽ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.
പാലക്കാട് - ഒറ്റപ്പാലം സംസ്ഥാന പാതയോരത്ത് തിരക്കുള്ള മേപ്പറമ്പ് ജങ്ഷനിലാണ് സംഭവം . 18ാം തിയ്യതി രാത്രി രക്ഷിതാക്കൾക്കൊപ്പം നടന്നു പോകുന്നതിനിടെയാണ് വഴിയരികിലെ സൂചി 13 കാരന്റെ കാലിൽ തുളച്ചു കയറിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകളും, സൂചികളും കണ്ടെത്തി. കുട്ടിയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി പാലക്കാട് മെഡിക്കൽ കോളജിലേക്കും മാറ്റി. ഏത് രോഗിയിൽ ഉപയോഗിച്ച സൂചിയാണ് കുട്ടിയുടെ ശരീരത്തിൽ തുളച്ച് കയറിയതെന്ന് വ്യക്തമല്ലാത്തതിനാൽ കുട്ടിയും രക്ഷിതാക്കളും ആശങ്കയിലാണ്.
ആശുപത്രിവിട്ട 13 കാരൻ വീട്ടിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുകയാണ്. അതേസമയം സിറിഞ്ചുകളും സൂചികളും എങ്ങനെ പാതയോരത്തെത്തിയെന്നതിൽ വ്യക്തത തേടി പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. ആശുപത്രി, ക്ലിനിക്കുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ലഹരി സംഘമാണോ സിറിഞ്ചുകളും സൂചികളും ഉപക്ഷിച്ചത് എന്ന പരിശോധനയും പൊലീസ് നടത്തും
Adjust Story Font
16

