Quantcast

'നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുഞ്ഞിന് വിദേശത്ത് നിന്ന് എത്തിച്ച മരുന്ന് നൽകും'; ആരോഗ്യമന്ത്രി വീണാ ജോർജ്

സമ്പർക്ക പട്ടികയിൽ ഉള്‍പ്പെട്ട 153 പേർ ആരോഗ്യപ്രവർത്തകരാണ്

MediaOne Logo

Web Desk

  • Updated:

    2023-09-13 15:39:11.0

Published:

13 Sep 2023 2:45 PM GMT

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുഞ്ഞിന് വിദേശത്ത് നിന്ന് എത്തിച്ച മരുന്ന് നൽകും; ആരോഗ്യമന്ത്രി വീണാ ജോർജ്
X

കോഴിക്കോട്: നിപ ബാധിച്ച് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന് വിദേശത്ത് നിന്ന് എത്തിച്ച മരുന്ന് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഐസിഎംആറിന്റെ പക്കൽ മരുന്ന് ഉണ്ട്. കേരളത്തിലുള്ളത് ബംഗ്ലാദേശിയന്‍ വകഭേദമായ നിപ വൈറസാണ്. അതിന്‍റെ മരണനിരക്ക് 70 ശതമാനത്തിന് മുകളിലാണ്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിലവിൽ 789 ആളുകളാണ് സമ്പർക്കപ്പട്ടികയിൽ ഉള്‍പ്പെട്ടിട്ടുള്ളത്. സമ്പർക്ക പട്ടികയിൽ ഉള്‍പ്പെട്ട 77 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്.13 പേർ മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്ക പട്ടികയിൽ ഉള്‍പ്പെട്ട 153 പേർ ആരോഗ്യപ്രവർത്തകരാണ്.

വിഷയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമഗ്രമായി ചർച്ച ചെയ്തെന്നും 19 കമ്മിറ്റികൾ രൂപീകരിച്ച് കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും പറഞ്ഞ മന്ത്രി 5 സാമ്പിളുകൾ അയച്ചതിൽ മൂന്നെണ്ണം പോസിറ്റീവായി സ്ഥിരീകരിച്ചെന്നും വ്യക്തമാക്കി.

കൺട്രോൾ റൂം, കോൾസെന്‍റർ പ്രവർത്തനം നടക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പിന്റെ ദിശയിലൂടെയും ആളുകൾക്ക് മാനസിക പിന്തുണ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കണ്ടെയ്ൻമെന്‍റ് സോണിൽ വാർഡ് തിരിച്ച് സന്നദ്ധപ്രവർത്തകരുടെ ടീം രൂപീകരിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിൽ വോളണ്ടിയർമാരെ നിയമിക്കുമെന്നും കണ്ടെയ്ൻമെന്‍റ് സോണിൽ ഉള്ളവർക്ക് വോളണ്ടിയർമാരുടെ സഹായമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

24-ാം തീയതി വരെ ജില്ലയിൽ നിയന്ത്രണം വേണോ എന്നുള്ളത് കലക്ടർക്ക് തീരുമാനിക്കാം. അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ആരോഗ്യവകുപ്പിൽ സംസ്ഥാനതല കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും വളരെ സൂക്ഷ്മമായിട്ടുള്ള അവലോകനം നടന്നിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി നാളെ മുതൽ കേന്ദ്ര സംഘത്തിന്റെ സാന്നിധ്യം കോഴിക്കോട് ജില്ലയിൽ ഉണ്ടാകുമെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍ കോവില്‍, ചീഫ് സെക്രട്ടറി ഡോ. വേണു വി, കോഴിക്കാട് ജില്ലാ കലക്ടര്‍, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വാളയാർ അതിർത്തിയിൽ പരിശോധന ഏർപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ വരുന്നവരുടെ ശരീര താപനില പരിശോധിച്ച ശേഷമാണ് അതിർത്തി കടത്തി വിടുന്നത്.

നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് സർക്കാർ പുറത്ത് വിട്ടിരുന്നു. 789 പേരാണ് നിപ സമ്പർക്കപട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 ആളുകളും ഇദ്ദേഹത്തിന്‍റെ ബന്ധുവിന്‍റെ സമ്പർക്ക പട്ടികയിൽ 77 ആളുകളും മരിച്ച രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 ആളുകളുമാണുള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 60 ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

മരുതോങ്കര ജാനകിക്കാടിന് സമീപം റോഡരികിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം പഴക്കമുള്ളതാണ് ജഡം എന്നാണ് പ്രാഥമിക നിഗമനം.

TAGS :

Next Story