Quantcast

'അഞ്ച് മരണങ്ങൾക്ക് കാരണം ദൈവദോഷം'; ആൾദൈവം ചമഞ്ഞ് ദുർമന്ത്രവാദത്തിന്റെ പേരിൽ വൻ തട്ടിപ്പ്; 55 പവനും ഒന്നരലക്ഷവും കവർന്നു

സ്വർണവും പണവും തിരികെ ചോദിച്ചപ്പോൾ കുടുംബത്തെയൊന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.

MediaOne Logo

Web Desk

  • Published:

    10 Dec 2022 1:19 PM GMT

അഞ്ച് മരണങ്ങൾക്ക് കാരണം ദൈവദോഷം; ആൾദൈവം ചമഞ്ഞ് ദുർമന്ത്രവാദത്തിന്റെ പേരിൽ വൻ തട്ടിപ്പ്; 55 പവനും ഒന്നരലക്ഷവും കവർന്നു
X

തിരുവനന്തപുരം: ദുർമന്ത്രവാദത്തിന്റെ പേരിൽ ആൾദൈവം ചമഞ്ഞ് യുവതി വൻ തട്ടിപ്പ് നടത്തിയതായി കുടുംബം. തിരുവനന്തപുരം വെള്ളായണി സ്വദേശിനി വിനിതുവിൽ നിന്ന് 55 പവനും ഒന്നരലക്ഷം രൂപയും കവർന്നെന്നാണ് പരാതി. തെറ്റിയോട് ദേവിയെന്ന പേരിൽ ആൾദൈവം ചമഞ്ഞ് എത്തിയ കളിയിക്കാവിള സ്വദേശിനി വിദ്യയും സംഘവുമാണ് തട്ടിപ്പ് നടത്തിയത്.

പ്രശ്ന പരിഹാരത്തിന് പണവും സ്വർണവും പൂജാമുറിയിലെ അലമാരയിൽ വച്ച് മുറി പൂട്ടി പൂജിക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പിന്നീട്, സ്വർണവും പണവും തിരികെ ചോദിച്ചപ്പോൾ കുടുംബത്തെയൊന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

2021 ജനുവരിയിലാണ് സംഭവം. വിനിതുവിന്റെ വീട്ടിൽ നടന്ന അഞ്ച് മരണങ്ങൾക്ക് കാരണം ദൈവദോഷമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. സംഭവത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വിനിതു നേമം പൊലീസിൽ പരാതി നൽകിയത്. 2020 ഓഗസ്റ്റ്, സെപ്തംബർ, നവംബർ മാസങ്ങളിലാണ് അഞ്ച് മരണം നടന്നതെന്ന് കുടുംബം പറയുന്നു.

തുടർച്ചയായ മരണങ്ങളിൽ മനംനൊന്താണ് കുടുംബം തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആൾദൈവമായ വിദ്യയുടെ അടുത്തേക്ക് എത്തുന്നത്. മോഹനകുമാർ എന്ന വക്കീലാണ് വിദ്യയെ പരിചയപ്പെടുത്തിയതെന്ന് വിനിതു വ്യക്തമാക്കി. വിദ്യയിൽ അഞ്ച് വർഷമായി ദേവിയുടെ സാന്നിധ്യമുണ്ടെന്നും കാശൊന്നും ചെലവാകാതെ ദോഷം കണ്ടെത്തി പരിഹാരമുണ്ടാക്കുമെന്നും മോഹനകുമാർ പറഞ്ഞു.

ഇതോടെയാണ് തങ്ങൾ വിദ്യയെ കാണാൻ പോയതെന്നും വിനിതു പറഞ്ഞു. തുടർന്ന് വിദ്യയും നാലംഗ സംഘവും 2021 ജനുവരിയിൽ പൂജയ്ക്കായി വെള്ളായണിയിലെ വീട്ടിലെത്തുകയായിരുന്നു. സ്വർണവും പണവും പൂജാമുറിയിലെ അലമാരയിൽ വച്ച് പൂജിച്ചാൽ മാത്രമേ ദേവി പ്രീതിപ്പെടൂ എന്ന് പറഞ്ഞ് കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിച്ചു. പൂജ ചെയ്തില്ലെങ്കിൽ മൂന്ന് ദുർമരണം കൂടി കുടുംബത്തിൽ ഉണ്ടാകുമെന്നും പറഞ്ഞ് പേടിപ്പിച്ചു.

15 ദിവസം കഴിഞ്ഞുവന്ന് താൻ അലമാര തുറക്കാമെന്നും വിദ്യ ഇവരോട് പറഞ്ഞു. ഇതനുസരിച്ച് കുടുംബം സ്വർണവും പണവും അലമാരയിൽ വച്ച് പൂട്ടിയെങ്കിലും പറഞ്ഞദിവസം കഴിഞ്ഞിട്ടും വിദ്യയും സംഘവുമെത്തിയില്ല. അന്വേഷിച്ചപ്പോൾ മൂന്ന് മാസം കഴിയുമെന്നായിരുന്നു വിദ്യയുടെ മറുപടി. പിന്നീടത് ഒരു വർഷമായി.

ഓഗസ്റ്റിൽ അടുത്തുള്ള വീട്ടിലെ കല്യാണത്തിന് ഇടാൻ വേണ്ടി സ്വർണം എടുത്തുതരണമെന്ന് പറഞ്ഞപ്പോൾ അലമാരയ്ക്കുള്ളിൽ ഇരുതല സർപ്പമുണ്ടെന്നും തുറന്നാൽ അത് കൊത്തിക്കാല്ലുമെന്നും പറഞ്ഞ് പേടിപ്പിച്ചു. എന്നാൽ ഉറപ്പായും സ്വർണം എടുത്തുതരണമെന്ന് ആവശ്യപ്പെട്ടതോടെ സംഘത്തിലെ ഒരാൾ വീട്ടിലെത്തി. ഇത് നിങ്ങളുടെ സ്വർണത്തിന്റെ ഒരു ഭാഗമാണെന്നും ബാക്കി സ്വർണം തങ്ങളെടുത്ത് പണയം വച്ചെന്നും ആരോടും പറയരുതെന്നും ഇയാൾ പറഞ്ഞു. ഇതോടെയാണ് തട്ടിപ്പ് മനസിലായത്.

തുടർന്ന് അലമാര തുറന്നുനോക്കിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ട കാര്യം അറിയുന്നത്. തുടർന്ന് വിദ്യയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. അവരുടെ ഭർത്താവിനെ വിളിച്ചപ്പോൾ ഒരു അബദ്ധം പറ്റിയെന്നും ആരോടും പറയരുതെന്നും ഉടൻ തിരികെ തരാമെന്നും പറഞ്ഞു. പിന്നീട് ഇത് ഭീഷണിയിലേക്ക് വഴിമാറി.

കേസുമായി മുന്നോട്ടുപോയാൽ നിങ്ങളുടെ ഭർത്താവിനേയും അച്ഛനേയും മക്കളേയും ആറു ദിവസത്തിനകം കൊല്ലുമെന്നും അവർ ഭീഷണിപ്പെടുത്തി. നാണക്കേട് ഭയന്നാണ് ഇതുവരെ ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും ​ഗതികെട്ടാണ് പിന്നീട് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നും വിനിതു വിശദമാക്കി.

നഷ്ടപ്പെട്ട പണവും സ്വർണവും തിരികെ കിട്ടാനായി നിയമപോരാട്ടം തുടരുകയാണ് കുടുംബം. വിദ്യയും സം​ഘവും സമാനമായി മറ്റു പലരേയും തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് സൂചന.

TAGS :

Next Story