Quantcast

വെറും കീപാഡ് ഫോൺ, വിലയാകട്ടെ ലക്ഷങ്ങൾ; ഫഹദ് ഫാസിൽ ഉപയോഗിക്കുന്നത് 17 വർഷം മുമ്പിറങ്ങിയ ഫോൺ

നെസ്‌ലിനെ നായകനാക്കി അഭിനവ് സുന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്കെത്തിയപ്പോൾ ഫോണിൽ സംസാരിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ വൈറലായിരുന്നു

MediaOne Logo

Web Desk

  • Published:

    17 July 2025 2:17 PM IST

വെറും കീപാഡ് ഫോൺ, വിലയാകട്ടെ ലക്ഷങ്ങൾ; ഫഹദ് ഫാസിൽ ഉപയോഗിക്കുന്നത് 17 വർഷം മുമ്പിറങ്ങിയ ഫോൺ
X

സാമൂഹിക മാധ്യമങ്ങളിൽ സ്വന്തമായി അക്കൗണ്ട് പോലുമില്ലാത്ത വ്യക്തിയാണ് ഫഹദ് ഫാസിലെന്നത് എല്ലാവർക്കുമറിയാം. ഫഹദിന്റെ കൈയിൽ സ്മാർട്ട് ഫോൺ ഇല്ലെന്ന കാര്യം സഹപ്രവർത്തകരും സുഹൃത്തുക്കളും മുമ്പ് പറഞ്ഞിട്ടുള്ളതുമാണ്. വലിയ പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണ ഒരു കീപാഡ് ഫോൺ ആണ് ഫഹദ് ഉപയോഗിക്കുന്നതെന്ന് ഈ അടുത്ത് നടൻ വിനയ് ഫോർട്ടും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഫഹദ് ഒരു പരിപാടിക്കിടെ ഫോണിൽ സംസാരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. വിനയ് ഫോർട്ട് പറഞ്ഞത് പോലെ കീപാഡ് ഫോൺ, എന്നാൽ അത്ര സാധാരണമല്ലെന്നുമാത്രം.

നെസ്‌ലിനെ നായകനാക്കി അഭിനവ് സുന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്കെത്തിയപ്പോൾ ഫോണിൽ സംസാരിക്കുന്ന ഫഹദിന്റെ ചിത്രങ്ങളാണ് വൈറലായത്. ചിത്രങ്ങൾ പ്രചരിച്ചതോടെ ടെക് കുതുകികളുടെ കണ്ണുപോയത് ഫഹദിന്റെ 'സാധാരണ ഫോണി'ലേക്കാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇറങ്ങിയ ആഢംബര ഫോൺ, ലോഞ്ചിങ് സമയത്ത് ഏകദേശം അഞ്ച് ലക്ഷം രൂപയ്ക്കു മുകളിൽ വില വരുന്ന ഫോൺ ഇപ്പോൾ നിർമിക്കുന്നുപോലുമില്ല.

ഫഹദ് ഉപയോഗിക്കുന്ന കീപാഡ് ഫോൺ വെർട്ടു അസന്റ് ടി ആണ്. സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന ഗാഡ്‌ജെറ്റുകളെ കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചും വീഡിയോകൾ ചെയ്യുന്ന ഇൻസ്റ്റഗ്രാമിലെ കോണ്ടന്റ് ക്രിയേറ്ററായ എഫിൻ എം ന്റെ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. 2008ലാണ് ഈ ഫോൺ വിൽപനക്കെത്തിയത്. ടൈറ്റാനിയവും, സഫയർ ക്രസ്റ്റലുകളും, കൈകൊണ്ട് തുന്നിയെടുത്ത ലെതറും ഉപയോഗിച്ച് നിർമിച്ച ഫോണിന്റെ പ്രത്യേകതയും ഈ നിർമാണ രീതിതന്നെയാണ്. പുറത്തിറക്കിയ സമയത്ത് 5.54 ലക്ഷം രൂപയായിരുന്നു ഇതിന്റെ വില. എന്നാൽ നിലവിൽ നിർമാണം നിർത്തിയ ഈ ഫോൺ സെക്കന്റ് ഹാൻഡ് ആയി വാങ്ങിക്കുകയാണെങ്കിൽ ഏകദേശം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെ വിലവരും.

അതേസമയം, ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത് ഫഹദിന്റെ കൈയിലുള്ളത് വെർട്ടു അസന്റ് റെട്രോ ക്ലാസിക് കീപാഡ് ഫോൺ ആണെന്നാണ്. അങ്ങനെയെങ്കിൽ അതിന്റെ വില ഏകദേശം 11,920 ഡോളർ വരും, ഇന്ത്യൻ റുപി 10.2 ലക്ഷത്തോളം. നിലവിൽ ഈ ഫോണും ഔട്ട് ഓഫ് സ്റ്റോക്ക് ആണെന്ന് വെർട്ടുവിന്റെ വെബ്‌സൈറ്റിൽ പറയുന്നു.

TAGS :
Next Story