Quantcast

പുതിയ വൈദ്യുതി നയം രൂപീകരിക്കണം; അധികവില നൽകിയാണെങ്കിലും കൂടുതൽ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന വൈദ്യുതി കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്

MediaOne Logo

Web Desk

  • Published:

    13 Sept 2026 6:14 PM IST

പുതിയ വൈദ്യുതി നയം രൂപീകരിക്കണം; അധികവില നൽകിയാണെങ്കിലും കൂടുതൽ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആവശ്യമായാൽ കൂടുതൽ വില നൽകേണ്ടിവന്നാലും വൈദ്യുതി വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി ഉപഭോഗം ഉയരുകയും ഉൽപാദനം കുറയുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പ്രതിസന്ധിക്ക് പ്രധാന കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന വൈദ്യുതി കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമായിരുന്ന കരാറാണ് അന്ന് ഒഴിവാക്കിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനായി കെഎസ്ഇബി സർക്കാരിനോട് സഹായം തേടിയിട്ടുണ്ട്. താൻ പങ്കെടുത്ത പരിപാടിയിലും വൈദ്യുതി പോയിരുന്നു. എന്നാൽ വൈദ്യുതി തടസ്സം ബോധപൂർവം ഉണ്ടാക്കിയതാണെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് പുതിയ വൈദ്യുതി നയം രൂപീകരിക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി ലഭ്യത ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കുന്നതിനായി ഉദ്യോഗസ്ഥരെ അയൽ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കും. എന്നാൽ ഉദ്യോഗസ്ഥർ പോകുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉയരുന്ന ട്രോളുകളെ ഗൗരവമായി കാണുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.




TAGS :

Next Story