Quantcast

'ശബരിമല സ്ത്രീപ്രവേശ ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം മാറ്റി നിർത്തി'; എ.പത്മകുമാര്‍

മാറ്റി നിർത്താൻ ചരട് വലിച്ചത് പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണ്

MediaOne Logo

Web Desk

  • Updated:

    2026-06-14 07:29:14

Published:

14 Jun 2026 8:18 AM IST

ശബരിമല സ്ത്രീപ്രവേശ ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം മാറ്റി നിർത്തി; എ.പത്മകുമാര്‍
X

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ്.ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍. പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണ് മാറ്റി നിർത്താൻ ചരട് വലിച്ചത് . അദ്ദേഹത്തെ മാറ്റിനിർത്തേണ്ട കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിന് ഇല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പത്മകുമാർ പാർട്ടി നടപടി നേരിടുന്ന ആളാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ പ്രതികരണം.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട പത്മകുമാറിനെതിരെ നടപടിയെടുക്കാൻ പാർട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് ചില വെളിപ്പെടുത്തലുകളുമായി അദ്ദേഹം രംഗത്ത് വരുന്നത്. യുവതീ പ്രവേശനം നടന്നതിന്‍റെ തലേദിവസം ശബരിമലയിലേക്ക് പൊയ്ക്കൊണ്ടിരുന്ന തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രമുഖൻ വിളിച്ചു തലസ്ഥാനത്തേക്ക് വരാൻ ആവശ്യപ്പെട്ടു എന്നാണ് പത്മകുമാർ പറയുന്നത്. അർദ്ധരാത്രി തലസ്ഥാനത്തെത്തിയ താൻ പ്രമുഖന്‍റെ വീടിനു മുന്നിലെത്തിയെങ്കിലും കയറ്റി വിട്ടില്ല. യുവതീപ്രവേശനം താനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും പത്മകുമാർ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തി എന്നാണ് പുറത്തുവരുന്ന വിവരം.

ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണ്. ആത്മകഥ ഏഴുതാൻ ഒരുങ്ങുകയാണ് പത്മകുമാർ എന്നാണ് വിവരം. യുവതീ പ്രവേശന കാലത്തെ സംഭവങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ആത്മകഥയിൽ ഉണ്ടാകും. വിഷയത്തിൽ കാര്യമായി പ്രതികരണത്തിന് സംസ്ഥാന സെക്രട്ടറി തയ്യാറായില്ല.

എന്നാൽ പുറത്തുവന്ന വാർത്തകളെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ തള്ളിക്കളഞ്ഞു. സ്വർണക്കൊള്ളയില്‍ പത്മകുമാറിനെതിരായ അച്ചടക്ക നടപടി ചർച്ച ചെയ്യാന്‍ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി നാളെ ചേരാനിരിക്കെ വിവാദ വിവരങ്ങൾ പുറത്തുവരുന്നത് പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കാൻ ആണെന്ന് സംശയവും നേതാക്കൾക്കുണ്ട്.


TAGS :

Next Story