Quantcast

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം; ഓഫീസുകളിലെത്തിയത് പകുതിയിൽ താഴെ ജീവനക്കാർ

കൊല്ലത്ത് ജോയിന്‍റ് കൗൺസിലിന്‍റെ സമരപ്പന്തൽ പൊലീസ് പൊളിച്ചത് പ്രതിഷേധത്തിന് ഇടയാക്കി

MediaOne Logo

Web Desk

  • Updated:

    2025-01-22 07:48:58.0

Published:

22 Jan 2025 1:04 PM IST

strike
X

തിരുവനന്തപുരം: സിപിഐ അനുകൂല സംഘടന ജോയിന്‍റ് കൗൺസിലിന്‍റെയും കോൺഗ്രസ് അനുകൂല സംഘടനയിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം. സർക്കാർ ഓഫീസുകളിൽ പകുതിയിൽ താഴെ ജീവനക്കാർ മാത്രമാണ് ഹാജരായത്. സെക്രട്ടറിയേറ്റിൽ 70% ജീവനക്കാരെത്തി. കൊല്ലത്ത് ജോയിന്‍റ് കൗൺസിലിന്‍റെ സമരപ്പന്തൽ പൊലീസ് പൊളിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ആലപ്പുഴയിലും കോട്ടയത്തും സമരക്കാരും പൊലീസും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ സ്കീം നടപ്പിലാക്കുക. ശമ്പളപരിഷ്കരണം കാലതാമസം ഇല്ലാതെ നടപ്പിലാക്കുക. ഡിഎ കുടിശ്ശിക നൽകുക. ലീവ് സറണ്ടർ പുനസ്ഥാപിക്കുക. മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്. സെക്രട്ടറിയേറ്റിന്‍റെ ഗേറ്റിന് മുമ്പിൽ ജോയിന്‍റ് കൗൺസിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ഇടതുപക്ഷ സർക്കാർ ജനാധിപത്യ മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ജോയിന്‍റ് കൗൺസിൽ കുറ്റപ്പെടുത്തി.

കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ സെറ്റോയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. ട്രഷറിക്കു മുമ്പിൽ പ്രതിഷേധിച്ച പ്രവർത്തകർ ജോലിക്ക് എത്തിയ ജീവനക്കാരെ തടഞ്ഞില്ല. പണിമുടക്കിന്‍റെ ഭാഗമായി ജോയിന്‍റ് കൗൺസിൽ കെട്ടിയ പന്തൽ കൊല്ലത്ത് പൊലീസ് പൊളിച്ചു നീക്കി. സമരം പൊളിക്കാനുള്ള ഭാഗമാണ് പൊലീസ് നടപടിയെന്ന് ജോയിന്‍റ് കൗൺസിൽ കുറ്റപ്പെടുത്തി.

ആലപ്പുഴയിലും കോട്ടയത്തും സമരക്കാരും പൊലീസും തമ്മിൽ വാക്കുതർക്കം ഉണ്ടായി. കോട്ടയത്ത് എൻജിഒ അസോസിയേഷൻ പ്രകടനത്തിനിടെ സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയൻ പ്രവർത്തകർ പ്രകടനത്തിലേക്ക് ഇരച്ചുകയറി. സിപിഎം അനുകൂല സർവീസ് സംഘടനയിലെ ജീവനക്കാരും ബിജെപി അനുകൂല സംഘടനയിലെ ജീവനക്കാരും പണിമുടക്കിന്‍റെ ഭാഗമായില്ല.



TAGS :

Next Story