Quantcast

കോഴിക്കോട്ടു നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല

ഇത്രയും ദിവസമായിട്ടും വിവരം ലഭിക്കാത്തതില്‍ ആശങ്കയുണ്ടെന്നാണ് കുടുംബത്തിന്‍റെ നിലപാട്

MediaOne Logo

Web Desk

  • Published:

    7 Sept 2023 7:25 AM IST

Muhammad Attoor
X

മുഹമ്മദ് ആട്ടൂര്‍

കോഴിക്കോട്: കോഴിക്കോട്ടു നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് ആട്ടൂരിനെ കഴിഞ്ഞ മാസം 21-ാം തിയതിയാണ് കാണാതായത്. ഇത്രയും ദിവസമായിട്ടും വിവരം ലഭിക്കാത്തതില്‍ ആശങ്കയുണ്ടെന്നാണ് കുടുംബത്തിന്‍റെ നിലപാട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് നഗരത്തിലെ അപാര്‍ട്‍മെന്‍റില്‍ നിന്ന് കഴിഞ്ഞ ആഗസ്ത് 21ന് പതിവ് പോലെ ഓഫീസിലേക്ക് പോയതാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയും ബാലുശ്ശേരി എരമംഗലം സ്വദേശിയുമായ മുഹമ്മദ് ആട്ടൂര്‍. പിന്നീട് ഇവിടെ നിന്നിറങ്ങിയ മുഹമ്മദിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം പറയുന്നു. പിറ്റേ ദിവസം രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയി. തലക്കുളത്തൂര്‍ ഭാഗത്താണ് അവസാനം ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. സാധാരണ യാത്രകള്‍ പോകാറുണ്ടെങ്കിലും പോകുന്ന കാര്യം പറയുമെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറില്ലെന്നും കുടുംബം പറയുന്നു.

പൊലീസ് അന്വേഷണത്തിന് പുറമേ ,കുടുംബവും സാധ്യതകള്‍ വെച്ച് പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഇത്രയും ദിവസമായിട്ടും കണ്ടെത്താനാകാത്തതില്‍ ആശങ്കയുണ്ടെന്നും കുടുംബം പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് തിരോധാനം അന്വേഷിക്കുന്നത്. വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.



TAGS :

Next Story