വടകരയിലെ കാഫിർ സ്ക്രീന്‍ഷോട്ട്; എസ്ഐടി അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ, നിയമ പോരാട്ടം തുടരും: പാറക്കൽ അബ്ദുല്ല
കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുക

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടതിൽ പ്രതികരിച്ച് തുടരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകിയ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി ഇടപെടൽ നടത്തിയെന്നും ഒരു അനുകൂല സമീപനവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ഇപ്പോൾ സിപിഎം നിലപാട് പറയണം. തെരഞ്ഞെടുപ്പ് കാലത്ത് വലിയ വ്യാജ പ്രചാരണം നടത്തി. ഇരയാക്കപ്പെട്ട കാസിമിന് നീതി വേണം. എസ്ഐടി അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കാസിമിനെ ഭീകരനായി ചിത്രീകരിച്ചു. വടകരയിൽ നേരത്തെ തന്നെ സിപിഎം അജണ്ട സെറ്റ് ചെയ്തിരുന്നു. എസ്ഐടി അന്വേഷണത്തിനായി ആഭ്യന്തരമന്ത്രി സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുന്നു. കേസിൽ വിട്ടുവീഴ്ചയില്ലാത്ത നിയമ പോരാട്ടം തുടരും. കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ സിപിഎം പ്രവർത്തകരാണ് എന്നുള്ളത് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരെ നടന്ന പ്രചാരണത്തെ കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കും.
വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച കാസിം ഫോൺ പൊലീസിന് കൈമാറി. തുടരന്വേഷണത്തിൽ സിപിഎം അനുകൂല സൈബർ പേജുകളിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്ന് കണ്ടെത്തി.
ഡിവൈഎഫ്‌ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണിൽ നിന്നാണ് ആദ്യം സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ ഇതിൽ തുടർനടപടികളുണ്ടായില്ല. പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.
Adjust Story Font
16

