Quantcast

ആദ്യംപ്രസംഗം കാൻസർ ബാധിതർക്കായി; ഇന്നസെന്‍റ് എന്ന കരുത്തുറ്റ പാർലമെന്‍റേറിയൻ

പാർലമെന്റിൽ നടത്തിയ കന്നിപ്രസംഗം കാൻസർ രോഗികളുടെ ബുദ്ധിമുട്ടും സങ്കടവും വിവരിച്ചായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ അഭിനന്ദിക്കാൻ ആദ്യം എത്തിയത് സോണിയഗാന്ധി

MediaOne Logo

Web Desk

  • Updated:

    2023-03-27 01:06:52.0

Published:

27 March 2023 12:59 AM GMT

innocent, innocent death, ഇന്നസെന്‍റ്
X

ചിരിയും ചിന്തയും വാരി വിതറിയാണ് പാർലമെന്റ് അംഗമായ ഇന്നസെന്റിന്റെ അഞ്ച് വർഷത്തെ ഡൽഹിക്കാലം. തെരെഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പാർലമെന്റ് മന്ദിരത്തിലേക്ക് തിരിഞ്ഞു നോക്കാത്ത സെലിബ്രിറ്റികളെ പോലെ ആയിരുന്നില്ല ആ ചാലക്കുടി എംപി. ഏറ്റവും കൂടുതൽ ഹാജറും മണ്ഡലത്തിലേക്ക് കൂടുതൽ ഫണ്ടും നേടിയെടുത്താണ് കാലാവധി പൂർത്തിയാക്കിയത്. പാർലമെന്റിൽ നടത്തിയ കന്നിപ്രസംഗം കാൻസർ രോഗികളുടെ ബുദ്ധിമുട്ടും സങ്കടവും വിവരിച്ചായിരുന്നു. കാൻസർ ബാധിതർക്ക് മരുന്നും ചികിത്സയും സൗജന്യമായി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗം കഴിഞ്ഞപ്പോൾ അഭിനന്ദിക്കാൻ ആദ്യം എത്തിയത് സോണിയാ ഗാന്ധിയായിരുന്നു.

കാൻസറിനെ പഴയ സുഹൃത്ത് എന്നാണ് "കാലന്റെ ഡൽഹി യാത്ര അന്തിക്കാട് വഴി" എന്ന പുസ്തകത്തിൽ അദ്ദേഹം കുറിച്ചത്. ചില സംഘടനകൾ പിന്നാലെ കൂടും എന്നതിനാൽ 'പോത്തിന്റെ പുറത്തേറി കാലൻ ഡൽഹിക്ക് വരില്ലെന്ന്' ഇന്നസെന്റ് പറയുന്നത് തമാശയല്ല ഇന്ത്യൻ രാഷ്ട്രീയം തന്നെയാണെന്ന് വ്യക്തം.

തീപ്പട്ടി കമ്പനി നടത്താനായി കർണാടകത്തിൽ എത്തിയ കാലം, മന്ത്രി സദാനന്ദ ഗൗഡയോട് കന്നഡയിലാണ് പറഞ്ഞത്. റോഡ് വികസനത്തിന്റെ ഫണ്ട് ചുവപ്പ് നാടയിൽ പെട്ടതോടെ സെക്രട്ടറി ആന്ധ്രയിൽ നിന്നാണെന്നു മനസിലാക്കി തെലുങ്കിൽ സംസാരിച്ചു കുരുക്കഴിച്ചു. 'റാംജി റാവു സ്പീക്കിങ്' ഹിന്ദിയിലേക്ക് മൊഴിമാറ്റിയപ്പോൾ ഇന്നസെന്റിന്റെ വേഷം ചെയ്ത പരേഷ് റാവൽ ബിജെപി എംപിയായി ഒരേ സമയം സഭയിൽ എത്തി. കേരള ഹൗസിലെ കാരണവരായും കെ.യു.ഡബ്ല്യു.ജെ ഫുട്ബോൾ മത്സരത്തിൽ കമന്‍ററായും ഡൽഹിയിൽ നിറഞ്ഞു നിന്നു.

സൗഹൃദം രാഷ്ട്രീയത്തെ സ്പർശിച്ചതേയില്ല. കാൻസർ വാർഡിലെ ചിരി എന്നപുസ്തകത്തിന്റെ ഇറ്റാലിയൻ ഭാഷയിലെ പതിപ്പ് സോണിയ ഗാന്ധിക്ക് സമ്മാനിച്ചു. കരുത്തുറ്റ പാർലമെൻറെറിയനായ പിസി ചാക്കോയെ മുട്ടുകുത്തിച്ചയാൾ എന്ന വിശേഷണം താരപരിവേഷത്തിന് മാറ്റുകൂട്ടി. സ്വർണ നിറത്തിലെ ജുബ്ബയും കസവിന്റെ മുണ്ടും സ്വർണ നിറത്തിലെ കണ്ണടയും ധരിച്ചെത്തിയ ഇന്നസെന്റ് പാർലമെന്റിൽ സംസാരിച്ചത് ഏറെയും പാവങ്ങൾക്ക് വേണ്ടിയായിരുന്നു. പകപ്പും പരിഭവവുമില്ലാതെ അതിജീവനത്തിന്റെ പാഠങ്ങൾ എംപിമാർക്കും പകർന്നു നൽകി. കടുത്ത സംവാദങ്ങൾക്കും ഇറങ്ങിപോകലുകൾക്കും മുന്നിൽ ഇതിനപ്പുറം ചാടികടന്നവനാണ് ഈ കെ.കെ ജോസഫ് എന്ന ഭാവമായിരുന്നു. ജനപ്രതിനിധി എന്ന റോളും ഇന്നസെന്റ് ഭംഗിയായി പൂർത്തിയാക്കി.

TAGS :

Next Story