Quantcast

സംഘ്പരിവാറിനെതിരെ ഫുഡ് സ്ട്രീറ്റുമായി ഡിവൈഎഫ്‌ഐ

സംഘ്പരിവാര്‍ പറഞ്ഞ പാരഗണിലെ ഭക്ഷണമാണോ ഫുഡ് സ്ട്രീറ്റിൽ വിളമ്പുന്നതെന്നാണ് ചിലർ ചോദിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-23 12:48:01.0

Published:

23 Nov 2021 12:33 PM GMT

സംഘ്പരിവാറിനെതിരെ ഫുഡ് സ്ട്രീറ്റുമായി ഡിവൈഎഫ്‌ഐ
X

ഉത്തരേന്ത്യയിലും രാജ്യത്തിന്റെ ഇതരഭാഗത്തും നടന്ന പശുക്കടത്ത് ആരോപണങ്ങൾക്കും ബീഫ് ഉപയോഗത്തിനും കൊലപാതകങ്ങൾക്കുമെതിരെയുള്ള പ്രതിഷേധമായി സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലിന് പിറകേ ഫുഡ് സ്ട്രീറ്റുമായി സിപിഎം യുവജനസംഘടന ഡിവൈഎഫ്‌ഐ. 'ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ. റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ''ഭക്ഷണത്തിന് മതമില്ലെന്നും നാടിനെ വിഭജിക്കുന്ന ആർഎസ്എസ്സിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രതപുലർത്തുക'' എന്ന കുറിപ്പിനൊപ്പം ഫുഡ് സ്ട്രീറ്റിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നവംബർ 24 നാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. സംഘപരിവാരവും ചില ക്രൈസ്തവ പ്രൊഫൈലുകളും ഉയർത്തിക്കൊണ്ടു വന്ന ഹോട്ടലുകളിലെ ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്നാണ് ഡിവൈഎഫ്‌ഐ പരിപാടി.


'തുപ്പലും കഫമുമില്ലാത്ത ഹോട്ടൽ' എന്ന കാറ്റഗറിയിൽ സംഘ പരിവാർ പ്രൊഫൈലുകൾ ലിസ്റ്റ് ചെയ്ത ഹോട്ടലിൽ കയറി റഹീം ഐക്യദാർഢ്യം നടത്തിയത് വിവാദമായിരുന്നു. ഹലാൽ ഹോട്ടലുകളിലെ ഭക്ഷണത്തിൽ തുപ്പുന്നുണ്ടെന്ന വിവാദ പരാമർശത്തിന് പിന്നാലെ വിവിധ നഗരങ്ങളിലെ ഹലാൽ വിരുദ്ധ ഹോട്ടലുകൾ സംഘപരിവാർ ലിസ്റ്റു ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഹോട്ടലുടമകളെ മതപരമായി വേർതിരിച്ച് മുസ്ലിം ഉടമകളുടേതല്ലാത്ത ഹോട്ടലുകളുടെ പേരുകളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഇതിൽ തുപ്പലും കഫവുമില്ലാത്ത, നോൺ ഹലാൽ ഭക്ഷണം കിട്ടുന്ന ഹോട്ടൽ എന്ന് ലിസ്റ്റു ചെയ്ത കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷൻ എ.എ റഹീം സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് ചിത്രം ഫേസ്ബുക്കിൽ പങ്കു വെച്ചാണ് ഐക്യദാർഢ്യം അറിയിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വി വസീഫ്, എൽ.ജി ലിജീഷ്, പി ഷിജിത്ത്, അഖിൽ, ഉണ്ണികൃഷ്ണൻ എന്നിവരും റഹീമിനൊപ്പം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു.

സംഘപരിവാർ, ബി.ജെ.പി പ്രവർത്തകർ തുപ്പിയ ഭക്ഷണം വിളമ്പുന്നില്ലായെന്ന് പ്രചരിപ്പിച്ച ഹലാൽ വിരുദ്ധ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച എ.എ റഹീമിൻറെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനവും പരിഹാസവും ഉയർന്നിരുന്നു. 'പാതിരാത്രി പാരഗൺ ഹോട്ടലിന് കാവൽ നിന്ന റഹീമിക്ക എന്ന് തന്നെ ചരിത്രം രേഖപ്പെടുത്തും, പള്ളിക്ക് കാവൽ നിന്ന കുഞ്ഞിരാമേട്ടന് തൊട്ട് താഴെ', എന്ന് കോൺഗ്രസ് സഹയാത്രികനും, രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഇൻചാർജുമായ വി.ആർ അനൂപ് റഹീമിനെ പരിഹസിച്ചു. നിലവിൽ ഫുഡ് സ്ട്രീറ്റ് പ്രഖ്യാപന പോസ്റ്റിന് കീഴിലും ഇത്തരം കമൻറുകൾ കാണാം. സംഘികൾ പറഞ്ഞ പാരഗണിലെ ഭക്ഷണമാണോ ഫുഡ് സ്ട്രീറ്റിൽ വിളമ്പുന്നതെന്നാണ് ചിലർ ചോദിക്കുന്നത്.

TAGS :

Next Story