ഉമ്മക്ക് മലയാളികളുടെ പെരുന്നാൾ സമ്മാനം; എല്ലാവര്‍ക്കും നന്ദിയെന്ന് റഹീം
സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച് കോടതിയിൽ നൽകിയത്

കോഴിക്കോട്: സൗദി ജയിലിൽ കഴിയുകയായിരുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൽ റഹീം നാട്ടിലെത്തി. പെരുന്നാൾ ദിനത്തിൽ റഹീമിൻ്റെ ഉമ്മയ്ക്ക് മലയാളികൾ നൽകിയ സ്നേഹ സമ്മാനമായി ഇത് മാറി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തത് ചരിത്രമായിരുന്നു. സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച് കോടതിയിൽ നൽകിയത്. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ വധശിക്ഷ കോടതി റദ്ദാക്കി.
എല്ലാവര്‍ക്കും നന്ദിയെന്നും ഏറെ സന്തോഷമെന്നും നിറകണ്ണുകളോടെ അബ്ദുൽ റഹീം പറഞ്ഞു. IAX 322 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട്ടെത്തിയത്. രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി. റഹീമിനെ കുടുംബാംഗങ്ങളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. സ്വീകരിക്കാൻ ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവരും വിമാനത്താവളത്തിൽ എത്തി. ഇന്നലെ ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കൂടെയുണ്ടായിരുന്നു. റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്.
സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലായിരുന്നു കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. പിന്നീട് 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കുകയായിരുന്നു.
2006 നവംബറിലാണ് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷ ഒഴിവാക്കിയെങ്കിലും ലഭിച്ച 20 വർഷത്തെ തടവ് ശിക്ഷ റഹീമിന് അനുഭവിക്കേണ്ടി വന്നു. ഈ കാലാവധി മെയ് മാസത്തോടെ അവസാനിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി റഹീം ബലിപെരുന്നാളിന് തന്നെ കോഴിക്കോട്ടെ തന്റെ വീട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും.
Adjust Story Font
16

