Quantcast

'ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് രണ്ടുലക്ഷത്തോളം രൂപ നഷ്ടമായെന്ന് മനസിലായത്, കാണാതായ അന്നും പണം പിൻവലിച്ചിട്ടുണ്ട്'; കൊല്ലപ്പെട്ട വ്യാപാരിയുടെ മകൻ

'കോഴിക്കോട്, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് പണം പിൻവലിച്ചത്'

MediaOne Logo

Web Desk

  • Updated:

    2023-05-26 04:35:47.0

Published:

26 May 2023 2:11 AM GMT

ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് രണ്ടുലക്ഷത്തോളം രൂപ നഷ്ടമായെന്ന് മനസിലായത്, കാണാതായ അന്നും പണം പിൻവലിച്ചിട്ടുണ്ട്; കൊല്ലപ്പെട്ട വ്യാപാരിയുടെ മകൻ
X

മലപ്പുറം: ബാങ്ക് അക്കൗണ്ട് പരിശോധിച്ചോഴാണ് രണ്ടുലക്ഷത്തോളം രൂപ നഷ്ടമായത് കണ്ടെത്തിയതെന്ന് കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്‍റെ മകൻ. തന്റെ പേരിലാണ് അക്കൗണ്ട് എടുത്തത്. എന്നാൽ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പിതാവിന്റെ നമ്പറിലാണ് വരുന്നതെന്നും മകൻ മീഡിയവണിനോട് പറഞ്ഞു.

'ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് ഏകദേശം രണ്ടുലക്ഷത്തിലധികം രൂപ പിൻവലിച്ചതായി കണ്ടെത്തിയത്. ഇതിൽ സംശയം തോന്നിയതിന് പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പിതാവല്ല, മറ്റ് ചിലരാണ് പണം ഉപയോഗിക്കുന്നത് കണ്ടെത്തിയത്. ഗൂഗിള്‍ പേ ഉപയോഗിച്ചും പണം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു...' മകൻ പറയുന്നു.

'പിതാവിനെ കാണാതായ 18 ാം തീയതി കോഴിക്കോട് നിന്ന് പണം പിൻവലിച്ചിട്ടുണ്ട്. പിന്നീട് പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളിൽ നിന്നും പണം പിൻവലിച്ചു. രണ്ടു ലക്ഷത്തോളം രൂപ ഇത്തരത്തിൽ പിൻവലിച്ചിട്ടുണ്ട്'..അദ്ദേഹം പറഞ്ഞു.

ചിലദിവസങ്ങളിൽ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആവാറുണ്ട്. എന്നാൽ ഇത്രയും മണിക്കൂറുകൾ സ്വിച്ച് ഓഫ് ആകുന്നത് ആദ്യമായാണെന്ന് സിദ്ദിഖിന്റെ സഹോദരൻ ഹംസ മീഡിയവണിനോട് പറഞ്ഞു. 'വ്യാഴാഴ്ചയാണ് സിദ്ദിഖിനെ കാണാതായത്. ഞായറാഴ്ചയാണ് പൊലീസില്‍ പരാതി നൽകിയത്. ഫോൺ സ്വിച്ച് ഓഫ് ആയതിന് ശേഷമാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് ശ്രദ്ധിച്ചത്. എടി.എമ്മിൽ നിന്ന് പുലർച്ചെ മൂന്ന് മണിക്കൊക്കെ പണം പിൻവലിച്ചിട്ടുണ്ട്..'ഹംസ പറഞ്ഞു.

തിരൂർ സ്വദേശിയും ചിക്ക് ബേക്ക് ഹോട്ടലുടമ സിദ്ദീഖാണ് (58) കൊല്ലപ്പെട്ടത്. ഹോട്ടലിലെ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും പെൺസുഹൃത്ത് 18 വയസ്സുകാരിയായ ഫർഹാനയുമാണ് പിടിയിലായത്. പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തി മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടലിൽ പരിശോധന നടക്കും. തിരൂരിലെത്തിച്ച് പ്രതികളെ ചോദ്യംചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.

സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്. ചെന്നൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ എന്തിന് കൊലപാതകം നടത്തി, മൃതദേഹം ചുരത്തിൽ ഉപേക്ഷിക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.



TAGS :

Next Story