രാവിലെ 10 മണിക്ക് തുടങ്ങേണ്ട കൗൺസിൽ യോഗം 9.25 ന് റദ്ദാക്കി കേരള വി സി; സർവകലാശാലയിൽ പ്രതിഷേധം
കാരണം വ്യക്തമാക്കാതെയാണ് വി സിയുടെ നടപടി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ അക്കാദമി കൗൺസിൽ മുന്നറിയിപ്പില്ലാതെ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ റദ്ദാക്കി . രാവിലെ 10 മണിക്ക് ആരംഭിക്കേണ്ട കൗൺസിൽ യോഗം വി സി റദ്ദാക്കിയത് 9.25 നാണ്. 90ശതമാനം അംഗങ്ങളും എത്തിയെങ്കിലും കാരണം വ്യക്തമാക്കാതെയാണ് വി സിയുടെ നടപടി .
നേരത്തെ തീരുമാനിച്ചതാണ് കേരള സർവകലാശാലയിലെ അക്കാദമിക് കൗൺസിൽ യോഗം. നാലുവർഷ ബിരുദ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക്, പ്രവേശനം തുടങ്ങിയ നിർണായക തീരുമാനങ്ങളായിരുന്നു അക്കാദമിക് കൗൺസിൽ കൈക്കൊള്ളേണ്ടത്.
സിൻഡിക്കേറ്റ് അംഗങ്ങളും അധ്യാപക- വിദ്യാർഥി പ്രതിനിധികളും അക്കാദമിക് വിദഗ്ധരും അടങ്ങുന്നതാണ് അക്കാദമിക്ക് കൗൺസിൽ. 110 അംഗങ്ങളുള്ള കൗൺസിൽ യോഗത്തിലേക്ക് 90 ശതമാനം പേരും രാവിലെ തന്നെ എത്തി. രാവിലെ 10 മണിക്ക് യോഗം ആരംഭിക്കാനിരിക്കുകയാണ് ഒരു മുന്നറിയിപ്പുമില്ലാതെ 9 .25ന് വി സി മോഹനൻ കുന്നുമ്മൽ യോഗം റദ്ദാക്കിയതായുള്ള ഉത്തരവിറക്കിയത്.വി സിയുടെ അസാധാരണ നടപടിക്കെതിരെ അക്കാദമിക് കൗൺസിൽ അംഗങ്ങൾ സർവകലാശാലയിൽ പ്രതിഷേധിച്ചു.
കൗൺസിൽ യോഗം ചേരുന്ന വിവരം രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ അറിയിക്കാത്തതിലും വിഭജന ഭീതി ദിനാചരണം നടത്താനുള്ള നിർദ്ദേശത്തിനെതിരെയും പ്രതിഷേധം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതോടെയാണ് വി സി കൗൺസിൽ യോഗം റദ്ദാക്കിയതെന്നാണ് വിവരം. വീട്ടിലിരുന്ന് കൗൺസിൽ യോഗം റദ്ദാക്കിയ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഇന്ന് സർവകലാശാലയിൽ എത്തിയതുമില്ല.
Adjust Story Font
16

