കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തം
കായംകുളം സ്വദേശി നൗഫലിനെയാണ് പത്തനംതിട്ട ജില്ലാ കോടതി ശിക്ഷിച്ചത്

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിന് ജീവപര്യന്തം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ 5 നായിരുന്നു കോവിഡ് സെന്ററിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയ യുവതിയെ പീഡനത്തിനിരയാക്കിയത്. 1,08000 രൂപ പിഴയും ചുമത്തി.
അടൂരിലെ വീട്ടിൽ നിന്ന് പന്തളത്തെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴിയാണ് ആറന്മുളയിൽ വച്ച് ആംബുലൻസ് ഡ്രൈവറായ പ്രതി നൗഫൽ യുവതിയെ ബലാത്സംഗം ചെയ്തത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ആറോളം വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. അതിജീവിതക്ക് നീതി ലഭിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
50 ദിവസമെടുത്താണ് 55 ഓളം സാക്ഷികൾ ഉള്ള കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഡിജിറ്റൽ തെളിവുകൾ സാക്ഷിമൊഴികൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ അടക്കം ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് ആറന്മുള പോലീസ് നടത്തിയത്. പീഡന സമയം അതിജീവിത മൊബൈൽ ഫോണിൽ ശേഖരിച്ച തെളിവുകളാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. പ്രതി നൗഫലിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.
Adjust Story Font
16

