'രാഹുലിനെതിരായ കടുത്ത നടപടിയെ പിന്തുണച്ചതിൽ എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളും'; നിലപാട് തള്ളി സതീശന്‍ വിഭാഗം
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് അതിരുകടന്ന നടപടിയായിപ്പോയെന്നാണ് എ ഗ്രൂപ്പ് നിലപാട്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ നടപടി കടുത്തു പോയെന്ന എ ഗ്രൂപ്പ് നിലപാട് തള്ളി നേതൃത്വം. മതിയായ കൂടിയാലോചന നടത്തിയാണ് തീരുമാനമെടുത്തതെന്ന് വി.ഡി സതീശനെ അനുകൂലിക്കുന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തീരുമാനത്തെ അനുകൂലിച്ചവരാണ് ഇപ്പോൾ എതിർക്കുന്നതെന്നാണ് നേതൃത്വത്തിന്റെയും നിലപാട്. ഇരകളാരും രേഖാമൂലം പരാതി നൽകാതിരുന്നിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് അതിരുകടന്ന നടപടിയായിപ്പോയെന്നാണ് എ ഗ്രൂപ്പ് നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ നേതൃത്വവും വി.ഡി സതീശനെ പിന്തുണയ്ക്കുന്നവരോ തയ്യാറല്ല.
പാർട്ടിയിലെ ഉന്നതലത്തിൽ എല്ലാം മതിയായ കൂടിയാലോചന നടത്തിയാണ് തീരുമാനമെടുത്തത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളോടും എംപിമാരോടും അഭിപ്രായം തേടിയിരുന്നു. എല്ലാവരും കടുത്ത നിലപാടിനെ പിന്തുണച്ച ശേഷമാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കെപിസിസി അധ്യക്ഷൻ പ്രഖ്യാപിച്ചത്. പാർലമെൻററി പാർട്ടിയിൽ നിന്നും മാറ്റിനിർത്താൻ ഉള്ള തീരുമാനവും കെപിസിസിയുടെതായിരുന്നുവെന്നും സതീശനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
അന്ന് കടുത്ത തീരുമാനത്തെ പിന്തുണച്ചതിൽ എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളും ഉൾപ്പെടുന്നു. പിന്നീട് നിലപാട് മാറ്റിയത് ഗ്രൂപ്പ് താല്പര്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ നിലപാട് മയപ്പെടുത്തിയാൽ തിരിച്ചടി ഉണ്ടാകുമെന്നും അതിനാൽ പുനരാലോചന ആവശ്യമില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
Adjust Story Font
16

