Quantcast

ദിലീപിന് ജാമ്യം കര്‍ശന ഉപാധികളോടെ; വ്യവസ്ഥകളിങ്ങനെ...

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സാഹചര്യമുണ്ടാകുമ്പോള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2022-02-07 09:40:05.0

Published:

7 Feb 2022 5:58 AM GMT

ദിലീപിന് ജാമ്യം കര്‍ശന ഉപാധികളോടെ; വ്യവസ്ഥകളിങ്ങനെ...
X

പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെയാണ്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് പി ഗോപിനാഥിന്‍റേതാണ് വിധി.

ദിലീപ് അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സാഹചര്യമുണ്ടാകുമ്പോള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഘട്ടത്തില്‍ അറസ്റ്റ് അനിവാര്യമെങ്കില്‍ ആ ഘട്ടത്തില്‍ പ്രോസിക്യൂഷന് അപേക്ഷ നല്‍കാം. അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും പ്രതികള്‍ ഇടപെടരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

സുശീല അഗര്‍വാള്‍ കേസിലെ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടണം. പ്രതികള്‍ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം. ദിലീപ് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. ദിലീപും സഹോദരനും ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചു.

ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഫോണുകള്‍ ഹാജരാക്കാതിരുന്നത് അന്വേഷണത്തോട് നിസഹകരണം കാണിച്ചുവെന്നതിന് തെളിവായി കണക്കാക്കാനാവില്ല. കൈവശമുള്ള ഫോണുകള്‍ എല്ലാം ഹരജിക്കാര്‍ ഹാജരാക്കിയിരുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു. ദിലീപിനെതിരെയുള്ളത് കള്ളക്കേസാണെന്ന് തെളിഞ്ഞെന്നും എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ ബി രാമന്‍പിള്ള പറഞ്ഞു.

വാദത്തിനിടെ കോടതിക്കെതിരെയുണ്ടായ വിമര്‍ശനങ്ങളെകുറിച്ചും പരാമര്‍ശിച്ചാണ് ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഹൈക്കോടതി വിധി. നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തനത്തെ കുറിച്ചോ അതിന്റെ അടിസ്ഥാന നിയമ തത്വങ്ങളെ കുറിച്ചോ കാര്യമായ വിവരമോ അറിവോ ഇല്ലാതെ പലരും ജുഡീഷ്യറിയെ വിമര്‍ശിക്കുന്നുവെന്നാണ് ജ. പി ഗോപിനാഥിന്‍റെ പ്രതികരണം.

സംവിധായകനായ ബാലചന്ദ്രകുമാറിന്‍റ മൊഴിയെത്തുടർന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യലിനായി മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. കൂടാതെ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാന്‍ പ്രോസിക്യൂഷനോടും നിർദേശം നൽകുകയായിരുന്നു. ഹൈക്കോടതി വിധി പറയാനിരിക്കെ ദിലീപിന്‍റെ വീടിന് മുന്നിൽ ക്രൈംബ്രാഞ്ച് സംഘമെത്തിയിരുന്നു. വിധി അന്വേഷണസംഘത്തിന് അനുകൂലമാകുകയാണെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ ഉദ്ദേശിച്ചാണ് ക്രൈംബ്രാഞ്ച് ദിലീപിന്‍റെ വീട്ടില്‍ എത്തിയത്. എന്നാൽ ദിലീപിന്‍റെ ആലുവയിലെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് സംഘം മടങ്ങി.

TAGS :

Next Story