Quantcast

എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി; കൃത്രിമക്കാലില്‍ ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ സന്ധ്യ

അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് കാല്‍ നഷ്ടപ്പെട്ട വീട്ടമ്മയ്ക്കാണ് മമ്മൂട്ടി ആശ്വാസ കരങ്ങള്‍ നീട്ടിയത്

MediaOne Logo
actor mammootty donates artificial legs to sandhya
X

കൊച്ചി: 'ഇപ്പോള്‍ എങ്ങനെ ഉണ്ട്?' നടന്‍ മമ്മൂട്ടി മുന്നില്‍ വന്ന് സ്‌നേഹാന്വേഷണം നടത്തിയപ്പോള്‍ സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് സന്ധ്യ ഒരുമാത്ര സംശയിച്ചു. പിന്നീട്, നീറുന്ന മുറിവുകള്‍ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്‍പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലില്‍ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: 'നടന്നു തുടങ്ങി'. പിന്നെ മമ്മൂട്ടി സന്ധ്യയുടെ കൈപിടിച്ചു. ആ മനസ്സിലെ നീറ്റല്‍ തിരിച്ചറിഞ്ഞ് മമ്മൂട്ടി പറഞ്ഞു: 'ഇനി വീടിന്റേയും സ്ഥലത്തിന്റേയും കാര്യമല്ലേ... അതും നടക്കും. ഉറപ്പ്'. സന്ധ്യയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം. കഴിഞ്ഞ ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് കാല്‍ നഷ്ടപ്പെട്ട സന്ധ്യയ്ക്ക് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പാടാക്കിയതും കൃത്രിമക്കാല്‍ വെക്കുന്നതിന് സഹായം ചെയ്തതും മമ്മൂട്ടി ആയിരുന്നു. ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20 ലക്ഷം രൂപയോളമാണ് വേണ്ടിവന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയറും രാജഗിരി ആശുപത്രിയും ചേര്‍ന്ന് പൂര്‍ണമായും സൗജന്യമായാണ് സന്ധ്യക്ക് ചികിത്സയും കൃത്രിമക്കാലും നല്കിയത്.

കൃത്രിമക്കാല്‍ വെച്ചതിന് ശേഷം ആദ്യമായി ഡോക്ടറെ കാണാന്‍ രാജഗിരിയില്‍ എത്തിയതായിരുന്നു സന്ധ്യ. മമ്മൂട്ടിയെ നേരില്‍ കണ്ട് നന്ദി പറയണമെന്ന സന്ധ്യയുടെ ആഗ്രഹം രാജഗിരി ആശുപത്രി അധികൃതരാണ് അറിയിച്ചത്. ഷൂട്ടിങ് ആവശ്യത്തിന് കൊച്ചിയില്‍ ആയിരുന്ന മമ്മൂട്ടി തിരക്കുകള്‍ മാറ്റിവെച്ച് സന്ധ്യയെ കാണാനെത്തുകയായിരുന്നു. ചികിത്സയുടെ വിവരങ്ങളും ആരോഗ്യസ്ഥിതിയുമെല്ലാം വിശദമായി ചോദിച്ചു മനസ്സിലാക്കിയ മമ്മൂട്ടി സാരിയും ചെടിയും സമ്മാനിച്ചാണ് സന്ധ്യയെ യാത്രയാക്കിയത്. രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജിജി കുരുട്ടുകുളം, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, റോബര്‍ട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരന്‍ സന്ദീപ് എന്നിവരും കൂടെ ഉണ്ടായിരുന്നു.

മണ്ണിടിച്ചിലില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. തകര്‍ന്ന വീട്ടില്‍ മണിക്കൂറുകളോളം സന്ധ്യ കുടുങ്ങിക്കിടന്നു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും തടസ്സപ്പെടുകയും അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ നിലയിലുമായിരുന്നു. തുടര്‍ന്ന് ഇടത്തേക്കാല്‍ മുട്ടിന് മുകളില്‍ വച്ച് നീക്കം ചെയ്യേണ്ടിവന്നു. അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ഹൈഡ്രോളിക് ആംഗിള്‍ ഫൂട്ടാണ് സന്ധ്യക്ക് ഇനി നടക്കാന്‍ കരുത്താകുക. ഏഴര ലക്ഷത്തോളമാണ് ഇതിന് ചെലവ്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മകനും മരിച്ചതിനാല്‍, നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് സന്ധ്യയ്ക്ക് ഇനിയുള്ള തുണ. കൃത്രിമക്കാലിലൂടെ പരമാവധി വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സന്ധ്യ മടങ്ങിയത്.

TAGS :

Next Story