Quantcast

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റക്കാരനല്ല; ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി

ഒന്നാം പ്രതി പള്‍സര്‍ സുനി , മാര്‍ട്ടിന്‍ ആന്‍റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2025-12-08 08:09:38.0

Published:

8 Dec 2025 11:06 AM IST

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റക്കാരനല്ല; ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി.ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി കണ്ടെത്തി. ഒന്ന് മുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്‍റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

കേസില്‍ എറണാകുളം ജില്ലാ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. ഏഴാം പ്രതി ചാര്‍ളി തോമസ്,എട്ടാം പ്രതി ദിലീപ് ,ഒന്‍പതാം പ്രതി സനിൽകുമാർ (മേസ്തിരി സനിൽ),പത്താം പ്രതി ശരത് ജി നായര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

അഞ്ചു വർഷം നീണ്ട വിചാരണക്കും നാടകീയ സംഭവങ്ങള്‍ക്കും ശേഷമാണ് കേസില്‍ വിധി വരുന്നത്. ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.

ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.എൻ.എസ് സുനിൽ (പൾസർ സുനി)യാണ് കേസിലെ ഒന്നാം പ്രതി. മാർട്ടിൻ ആന്റണി,ബി.മണികണ്ഠൻ,വി.പി വിജീഷ്,എച്ച്.സലിം (വടിവൽ സലിം),പ്രദീപ്,ചാർളി തോമസ്,സനിൽകുമാർ (മേസ്തിരി സനിൽ), ജി.ശരത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. 2017 ഫെബ്രുവരി 17ന് എറണാകുളം അങ്കമാലിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകർത്തുകയും ചെയ്തു.

പ്രമുഖ നടീ നടന്‍മാരടക്കം 261 സാക്ഷികളുള്ള കേസില്‍ 28 പേർ മൊഴി മാറ്റി. 142 തൊണ്ടികള്‍ കോടതി പരിശോധിച്ചു. സാക്ഷി വിസ്താരത്തിന് മാത്രം കോടതി 438 ദിവസമെടുത്തു. ലൈംഗിക പീഡനം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍ , അശ്ലീല ചിത്രമെടുക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെയുള്ളത്.കേസിലെ പ്രതികള്‍ക്കെല്ലാം നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

മുൻ വൈരാഗ്യത്തിൻ്റെ പേരിൽ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി. കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിന്റെ മറ്റു ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരുന്നു. കൂടാതെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കൽ കുറ്റവും ചുമത്തിയിട്ടുണ്ട്.

ഏറ്റവും ഒടുവിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ടായിരുന്നു. ആലുവ പാലസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് ദിലീപ് ജയിൽ മോചിതനായത്. അറസ്റ്റിൽ തൊട്ടു പിന്നാലെ താരസംഘടന 'അമ്മ' ദിലീപിനെ പുറത്താക്കുകയും ചെയ്തിരുന്നു.


TAGS :

Next Story