Quantcast

നടി കെ.പി.എ.സി ലളിത അന്തരിച്ചു

മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ കെ.പി.എ.സി ലളിത അഭിനയിച്ചിട്ടുണ്ട്

MediaOne Logo

ijas

  • Updated:

    2022-02-22 17:51:55.0

Published:

22 Feb 2022 5:21 PM GMT

നടി കെ.പി.എ.സി ലളിത അന്തരിച്ചു
X

ചലച്ചിത്ര നടി കെ.പി.എ.സി ലളിത(74) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖമായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ ഭാഗമായിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു. പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് മഹേശ്വരി അമ്മ എന്ന ലളിത ജനിച്ചത്. പിതാ‍വ് കടയ്ക്കത്തറൽ വീട്ടിൽ കെ അനന്തൻ നായർ, അമ്മ ഭാര്‍ഗിയമ്മ. നാലു സഹോദരങ്ങള്‍. വളരെ ചെറുപ്പത്തില്‍ തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. കലോല്‍സവങ്ങളില്‍ സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. ഏഴാം ക്ലാസില്‍ കൊല്ലം കലാമണ്ഡലം രാമചന്ദ്രന്‍റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനത്തിനായി ചേര്‍ന്നു. ഇതോടെ തുടര്‍പഠനം മുടങ്ങി. 10 വയസ്സുള്ളപ്പോൾ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. ഗീഥാ ആര്‍ട്ട്സ് ക്ലബിന്‍റെ ബലി ആയിരുന്നു ആദ്യ നാടകം. പിന്നീട് അക്കാലത്തെ പ്രമുഖ നാടക സംഘടന ആയിരുന്ന കെ.പി.എ.സിയിൽ ചേർന്നു. ആദ്യ കാലത്ത് ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളില്‍ ഗാനമാലപിച്ചു. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്ന പേര് നല്‍കുന്നത്. സിനിമയിൽ വന്നപ്പോൾ കെ.പി.എ.സി എന്ന് പേരിനോട് ചേർക്കുകയും ചെയ്തു. 1970ല്‍ ഉദയായുടെ കൂട്ടുകുടുംബത്തിലൂടെയാണ് കെ.പി.എ.സി ലളിത സിനിമയിലെത്തുന്നത്. അതിനു ശേഷം സിനിമയില്‍ സജീവമായി.

1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം കഴിച്ചു. 1998-ൽ ഭരതന്‍റെ മരണത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു. പിന്നീട് 1999-ൽ സത്യൻ അന്തിക്കാടിന്‍റെ വീണ്ടും ചില വീട്ടൂകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമാ‍യി സിനിമയിലേക്ക് തിരിച്ചു വന്നു. ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. അടൂരിന്‍റെ മതിലുകളില്‍ ശബ്ദ സാന്നിധ്യമായും കെ.പി.എ.സി അത്ഭുതം സൃഷ്ടിച്ചു. 'കഥ തുടരും' ആത്മകഥയാണ്.

TAGS :

Next Story